കൊച്ചി-മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസുമായുള്ള ബന്ധം ബഷീറിന് അറിയാമായിരുന്നുവെന്നും ഇതിന്റെ തെളിവ് ബഷീറിന്റെ കൈവശം ഉണ്ടായിരുന്നുവെന്നുമാണ് കുടുംബം നൽകിയ പരാതിയിലുള്ളത്. കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ കുടുംബം ആവശ്യപ്പെട്ടു. കൊല്ലപ്പെടുന്ന സമയത്ത് ബഷീറിന്റെ കൈവശം ഉണ്ടായിരുന്ന ഫോൺ ഇതേവരെ കണ്ടെടുക്കാനായിട്ടില്ല. ബഷീറിന്റെ കൈവശം രണ്ടു ഫോണുകളാണ് ഉണ്ടായിരുന്നത്. ഇതിൽ സാധാരണ ഉപയോഗിക്കുന്ന ഫോണാണ് കണ്ടെത്തിയത്. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രമുള്ള ഫോൺ ഇതേവരെ കിട്ടിയിട്ടില്ല. ഈ ഫോൺ കൈവശപ്പെടുത്താൻ ശ്രീറാം ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്.