കണ്ണൂർ- സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന്റെ വ്യാജ പ്രൊഫൈലിലൂടെ പണം തട്ടാൻ ശ്രമം. സംഭവത്തിൽ പോലീസ് കേസെടുത്തു.
പി. ജയരാജന്റെ വാട്‌സ്ആപ്പ് പ്രൊഫൈൽ ചിത്രമുപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം അഭ്യർഥിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 22 ന് രാത്രി 12 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. വാട്‌സ്ആപ്പിലൂടെ വ്യാജ അക്കൗണ്ടുകാരൻ അര മണിക്കൂറിനുള്ളിൽ പണം ആവശ്യപ്പെട്ടുകൊണ്ട് പലർക്കും സന്ദേശങ്ങൾ കൈമാറുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ അദ്ദേഹത്തെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പു പുറത്തു വന്നത്.
തുടർന്ന് പി. ജയരാജൻ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്താനായി വാട്‌സ്ആപ്പിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ട്.