കോഴിക്കോട്- നേന്ത്രപ്പഴം കിലോ ഗ്രാമിന് എഴുപത് രൂപയായി. ഇന്നലെ അറുപത് രൂപയായിരുന്നു. ഇക്കണക്കിന് ഓണം വരുമ്പോള്‍ ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിന് നൂറ് രൂപ വരെയായി ഉയര്‍ന്നാലും അത്ഭുതമില്ലെന്നാണ് ഉപഭോക്താക്കളുടെ ആശങ്ക. നേന്ത്രപ്പഴത്തിന് മാത്രമല്ല, മറ്റു പഴങ്ങള്‍ക്കും തീവിലയാണ്. ഒന്നര വര്‍ഷം മുമ്പ കോവിഡ് കാലത്ത് പതിനഞ്ച്, ഇരുപത് രൂപയ്ക്ക് വില്‍ക്കാന്‍ വെച്ചിട്ടും വാങ്ങാനാളില്ലാത്ത വിഭവമാണ് നേന്ത്രപ്പഴം. താരതമ്യേന വില കുറഞ്ഞ പഴമായ മൈസൂര്‍ പഴത്തിന് അമ്പത് രൂപയാണ്. പൂവന്‍ പഴം കാണാനേയില്ല. റോബസ്റ്റയ.്ക്കും അമ്പത് രൂപയുണ്ട്. പൂവവന്റെ ഡ്യൂപ്ലിക്കേറ്റായ ഞാലി പൂവനും അറുപത് രൂപ റീട്ടെയില്‍ നിരക്കായി, കൂടിയ വില കര്‍ഷകര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത്രയ്ക്ക് നന്നായിനെന്നാണ് ജനസംസാരം. മിക്കവാറും ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതാവാനാണ് സാധ്യത. പച്ചക്കറി സാധനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മുമ്പൊക്കെ സര്‍ക്കാരും സിവില്‍ സപ്ലൈസും ഇടപെടാറുണ്ടായിരുന്നു. കേരളത്തില്‍ ബസ് ചാര്‍ജും കരന്റ് ചാര്‍ജും വീട്ടുനികുതിയും കൂട്ടി ജനജീവിതം ദുസ്സഹമാക്കുന്നതിനിടെയാണ് വിലകള്‍ കുത്തനെ ഉയരുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.