റിയാദ് - പുതിയ അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ് ഉയർത്താൻ സ്വകാര്യ സ്‌കൂളുകൾ നീക്കം നടത്തുന്നില്ലെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ ദേശീയ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽഫഹദ് പറഞ്ഞു. കോവിഡ് മഹാമാരി വ്യാപനം കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്വകാര്യ സ്‌കൂളുകൾക്ക് ഭീമമായ നഷ്ടം നേരിട്ടിരുന്നു. ഇത് നികത്താൻ പുതിയ അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ് ഉയർത്താൻ സ്വകാര്യ സ്‌കൂളുകൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇത് ശരിയല്ലെന്ന് അബ്ദുൽ അസീസ് അൽഫഹദ് പറഞ്ഞു. ട്യൂഷൻ ഫീസ് ഇരട്ടിയായി ഉയർത്തിയാലും കോവിഡ് കാലത്ത് നേരിട്ട നഷ്ടങ്ങൾ അടുത്ത കാലത്തൊന്നും നികത്താനാകില്ല. ആറായിരം റിയാൽ മുതൽ ഏഴായിരം റിയാൽ വരെ വാർഷിക ട്യൂഷൻ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകളുണ്ട്. റിയാദിലെ ചില ഒന്നാം നമ്പർ സ്വകാര്യ സ്‌കൂളുകളിൽ വാർഷിക ട്യൂഷൻ ഫീസ് 1,20,000 റിയാൽ മുതൽ 1,30,000 റിയാൽ വരെയാണ്. കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ സ്വകാര്യ സ്‌കൂളുകൾ പരസ്പരം മത്സരിച്ചാണ് ട്യൂഷൻ ഫീസ് നിർണയിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ സ്വകാര്യ സ്‌കൂളുകളിൽ ഏറ്റവും ഫീസ് കുറവ് സൗദിയിലെ സ്‌കൂളുകളിലാണ്. സമൂഹത്തിലെ വ്യത്യസ്ത തുറകളിൽപെട്ട വിദ്യാർഥികളെ ആകർഷിക്കാനുള്ള തങ്ങളുടെ സ്‌കൂളുകളുടെ ശേഷി സ്‌കൂൾ ഉടമകൾ പ്രത്യേകം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ ട്യൂഷൻ ഫീസ് ഇരട്ടിയായി ഉയർത്തിയ ഒരു സ്വകാര്യ സ്‌കൂൾ പോലും രാജ്യത്തില്ലെന്നും അബ്ദുൽ അസീസ് അൽഫഹദ് പറഞ്ഞു.
കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് രീതി അവലംബിച്ചത് സ്വകാര്യ സ്‌കൂളുകളിൽ നിന്ന് വൻതോതിലുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയിരുന്നു. ഓൺലൈൻ ക്ലാസിനിടെയും ട്യൂഷൻ ഫീസ് നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പല രക്ഷിതാക്കളും വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റിച്ചേർക്കുകയായിരുന്നു. ഇതിനു പുറമെ, ഓൺലൈൻ ക്ലാസിന്റെ പേരു പറഞ്ഞ് പൂർണ തോതിലുള്ള ട്യൂഷൻ ഫീസ് അടയ്ക്കാൻ അധിക രക്ഷിതാക്കളും വിസമ്മതിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ രക്ഷാകർത്താക്കളുടെ പരാതികൾ കണക്കിലെടുത്ത് അധിക സ്‌കൂളുകളും ട്യൂഷൻ ഫീസിൽ ഇളവുകൾ അനുവദിച്ചിരുന്നു.