Sorry, you need to enable JavaScript to visit this website.

ഹർത്താൽ അറസ്റ്റ് തുടരുന്നു;  ജയിലുകൾ നിറയുന്നു

മലപ്പുറം- സോഷ്യൽ മീഡിയയിലെ ആഹ്വാനപ്രകാരം തിങ്കളാഴ്ചത്തെ ഹർത്താൽ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർക്കെതിരായ പോലീസ് നടപടി തുടരുന്നു. ഹർത്താൽ ദിനത്തിൽ പ്രകടനങ്ങളിലും അക്രമങ്ങളിലും പങ്കാളികളായവരെ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്നലെയും സ്ത്രീകളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇവരെ മഞ്ചേരി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ജയിലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലുമായി മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പാർപ്പിക്കാൻ ജയിലുകളിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്. 
മലപ്പുറം ജില്ലയിൽ ഇന്നലെ അറസ്റ്റിലായവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. ഹർത്താൽ ദിവസം വൈകിട്ട് മഞ്ചേരി നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി പേർക്കെതിരെ കേസുണ്ട്.  ഹർത്താൽ ദിവസം പൊതുജനങ്ങളും പോലീസുകാരുമെടുത്ത വീഡിയോ ചിത്രങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങളും പോലീസ് നിരീക്ഷിച്ചു വരികയാണ്.  
അറസ്റ്റ് വ്യാപകമായതോടെ നിരപരാധികളും കുടുങ്ങിയതായി ആരോപണമുണ്ട്. ജില്ലയിലെ ഏക സ്‌പെഷ്യൽ ജയിലായ മഞ്ചേരി സബ് ജയിലിൽ 27 തടവുകാരെ പാർപ്പിക്കുവാനുള്ള സൗകര്യമാണുള്ളത്.  എന്നാൽ ഇന്നലെ ഇവിടെ മൂന്ന് വനിതാ തടവുകാരടക്കം 102 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. ജില്ലയിലെ ഇതര ജയിലുകളായ പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി സബ് ജയിലുകളിലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കോഴിക്കോട് ജില്ലാ ജയിലും നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് സ്‌പെഷൽ സബ് ജയിൽ, വടകര, കൊയിലാണ്ടി സബ് ജയിലുകൾ എന്നിവയും തടവുകാരെ ഇനി ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ്. ജയിൽ അന്തേവാസികൾക്ക് ഭക്ഷണം, എണ്ണ, സോപ്പ് തുടങ്ങിയവ ലഭ്യമാക്കാൻ അധികൃതർ പ്രയാസപ്പെടുകയാണ്. വേനൽ കടുത്തതോടെ പല ജയിലുകളിലും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. ജയിൽ നിറഞ്ഞതോടെ പലയിടങ്ങളിലും ജലക്ഷാമം വൻ പ്രതിസന്ധിയുണ്ടാക്കുന്നു. ആഴ്ചയിൽ രണ്ടു തവണയാണ് തടവുകാർക്ക് കുളിയും അലക്കും അനുവദിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ ഇതും നൽകാൻ കഴിയാത്ത അവസ്ഥയാണ്. 

 


മഞ്ചേരിയിൽ അറസ്റ്റിലായത് 29 പേർ

മഞ്ചേരി - അപ്രഖ്യാപിത ഹർത്താൽ അക്രമാസക്തമായ സംഭവത്തിൽ മഞ്ചേരിയിൽ ഇന്നലെ വരെ 11 എഫ.്‌ഐ.ആറുകളിലായി 29 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 12 പേരെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ബാക്കിയുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 
ഇന്ത്യൻ കോഫി ഹൗസ് ആക്രമിച്ച സംഭവത്തിൽ 200 പേരാണ് പ്രതികൾ. പുറമെ നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും സ്റ്റേഷൻ ഉപരോധിച്ചതിനും രണ്ടായിരത്തോളം പേർക്കെതിരെ കേസെടുത്തു. ആനക്കയം, തൃക്കലങ്ങോട്, പൂക്കോട്ടൂർ, പയ്യനാട്, കിടങ്ങഴി, വായ്പാറപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടർകുളത്ത് ഒറ്റപ്പാലം സി.ഐ അബ്ദുൽ മുനീറിനെയും കുടുംബത്തെയും തടഞ്ഞ സംഭവത്തിൽ 50 പേർക്കെതിരെയാണ് കേസ്. മലപ്പുറത്തു നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ജില്ലാ ജഡ്ജി സുരേഷ് കുമാർ പോളിനെ മുണ്ടുപറമ്പിലും ആനക്കയത്തും ഹർത്താൽ അനുകൂലികൾ തടഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം റിമാന്റിലായ പ്രതികൾ സമർപ്പിച്ച ജാമ്യ ഹരജി ഇന്നലെ കോടതി തള്ളി. 

Latest News