തൊടുപുഴ- ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവും യുവതിയും തൊടുപുഴയില്‍ പിടിയില്‍. ഇവരില്‍നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പിടികൂടി. പെരുമ്പിള്ളിച്ചിറ പഴയരിയില്‍ യുനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി നെല്ലിത്താനത്ത് അക്ഷയ ഷാജി (22) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടങ്ങിയത്. ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും. ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴല്‍, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ലഹരി മരുന്ന് വിതരണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിലെ ലോഡ്ജുകളില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചിരുന്നു. എം.ഡി.എം.എ വില്‍പ്പനക്കായി ഇരുവരും ഇന്നലെ ഉച്ചക്ക് തൊടുപുഴയില്‍ മുറിയെടുത്തതായി ഡിവൈ.എസ്.പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
സ്ത്രീകളെ മറയാക്കി കലാലയ വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ബാംഗ്ലൂരില്‍ നിന്നാണ് ഇവര്‍ മയക്ക് മരുന്ന് എത്തിച്ചിരുന്നത്.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരി വേട്ടയാണിത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുടെ കേന്ദ്രമായി തൊടുപുഴ മാറിയെന്ന സംശയം പോലീസിനുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഭവങ്ങള്‍ പുറത്ത് വരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. സി വിഷ്ണുകുമാര്‍, എസ് .ഐമാരായ കൃഷ്ണന്‍ നായര്‍, എ .എസ് .ഐ റ്റി. എം ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, സി. പി. ഒമാരായ മാഹിന്‍, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.