റിയാദ് - കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ എ.എം.സി സിനിമാസിൽ പൊതുജനങ്ങൾക്കുള്ള ആദ്യ സിനിമാ പ്രദർശനം ഇന്ന് രാത്രി 8.30 ന് നടക്കും. ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ബാധകമാക്കുന്ന 25 ശതമാനം വിനോദ നികുതിയും അഞ്ചു ശതമാനം മൂല്യവർധിത നികുതിയും ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 75 റിയാലാണ്. ഒരാൾക്ക് പരമാവധി ആറു ടിക്കറ്റുകളാണ് നൽകുക. ഇന്നലെ രാത്രി 12 മണി മുതൽ ടിക്കറ്റ് വിൽപന ആരംഭിച്ചു.
ടിക്കറ്റ് വിൽപനക്ക് ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോം ആയ നൂനുമായി പങ്കാളിത്തം സ്ഥാപിച്ചതായി എ.എം.സി സിനിമാസ് അറിയിച്ചു. നൂൻ വെബ്‌സൈറ്റിൽ (www.noon.com) സിനിമാ പ്രദർശനത്തിന്റെ പരസ്യത്തിൽ ക്ലിക്ക് ചെയ്താണ് ടിക്കറ്റ് വാങ്ങേണ്ടത്. ആദ്യ പ്രദർശനം ഫാമിലികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ബാച്ചിലേഴ്‌സിനും പ്രദർശനം ഒരുക്കും.