Sorry, you need to enable JavaScript to visit this website.

തിയേറ്ററുകൾ തുറക്കുന്നതിന് യു.എ.ഇ കമ്പനിക്കും ലൈസൻസ്‌

റിയാദ് - സൗദിയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നതിനും സിനിമാ പ്രദർശനം നടത്തുന്നതിനും യു.എ.ഇ കമ്പനിയായ വോക്‌സ് സിനിമാസിനും ലൈസൻസ്. സൗദിയിൽ തിയേറ്ററുകൾ പ്രവർത്തിക്കുന്നതിന് ലൈസൻസ് ലഭിക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. 
അഞ്ചു വർഷത്തിനുള്ളിൽ സൗദിയിൽ 600 സ്‌ക്രീനുകൾ ഏർപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 200 കോടി റിയാൽ നിക്ഷേപം നടത്തും. നാലു സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലക്‌സ് തിയേറ്റർ ദിവസങ്ങൾക്കുള്ളിൽ യു.എ.ഇ കമ്പനി റിയാദിൽ തുറക്കുമെന്നാണ് കരുതുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിദ് അൽഫുതൈം ഗ്രൂപ്പിനു കീഴിലെ കമ്പനിയാണ് വോക്‌സ് സിനിമാസ്. അമേരിക്കൻ കമ്പനിയായ എ.എം.സി എന്റർടൈൻമെന്റിനാണ് സൗദിയിൽ തിയേറ്ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആദ്യമായി ലൈസൻസ് ലഭിച്ചത്. 
സൗദിയിൽ തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസുകൾക്ക് 10 കമ്പനികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദ് പറഞ്ഞു. ഈ വർഷം നാലു കമ്പനികൾക്കു കൂടി ലൈസൻസ് നൽകും. 
തിയേറ്റർ കമ്പനികളുടെ എണ്ണമല്ല, ഗുണനിലവാരത്തിനാണ് മുൻഗണന നൽകുന്നത്. എല്ലാ രാജ്യത്തെയും പോലെ സൗദിയിലും പ്രദർശിപ്പിക്കുന്ന സിനിമകൾ നിരീക്ഷിക്കും. 
സിനിമകൾ പരിശോധിച്ച് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ആണ് പ്രദർശനാനുമതി നൽകുക. സിനിമകൾ വീക്ഷിക്കുന്നതിന് അനുയോജ്യമായ പ്രായവിഭാഗവും പ്രത്യേകം നിർണയിക്കുമെന്ന് മന്ത്രി പറഞ്ഞു. 

 

Latest News