രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം
ഹരാരെ- സഞ്ജു സാംസൺ അവസരത്തിനൊത്തുയർന്നതോടെ സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. അഞ്ച് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ ബൗളർമാർ 161 എന്ന സ്‌കോറിൽ ഒതുക്കിയപ്പോൾ തന്നെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. 39 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു വെറും 25.4 ഓവറിൽ ഇന്ത്യൻ ജയം യാഥാർഥ്യമാക്കി. 146 പന്ത് അവശേഷിക്കെ അഞ്ച് വിക്കറ്റിന് 167 റൺസാണ് ഇന്ത്യ അടിച്ചത്. മൂന്ന് ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
ക്യാപ്റ്റൻ കെ.എൽ രാഹുൽ (1) രണ്ടാം ഓവറിൽതന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായെങ്കിലും ശിഖർ ധവാനും (21 പന്തിൽ 33), ശുഭ്മൻ ഗില്ലും (34 പന്തിൽ 33) അതിവേഗം സ്‌കോർ ബോർഡ് ചലിപ്പിച്ചു. നാല് ബൗണ്ടറികൾ പായിച്ച ശിഖർ പെട്ടെന്ന് പുറത്തായെങ്കിലും പിന്നീട് വന്ന ഇഷാൻ കിഷൻ (13 പന്തിൽ ആറ്) ഗില്ലിന് നല്ല പിന്തുണ നൽകി. എന്നാൽ ഇന്ത്യൻ സ്‌കോർ നൂറിലെത്തുംമുമ്പ് രണ്ടു പേരും വീണു. ആറ് ബൗണ്ടറികൾ പായിച്ച ഗിൽ, ലൂക് ജോങ്‌ഗ്വെയുടെ പന്തിൽ ബ്രാഡ് ഇവാൻസ് പിടിച്ച് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ നാലിന് 97.
ആറാമനായി ഇറങ്ങിയ സഞ്ജു, ദീപക് ഹൂഡയുമായി (36 പന്തിൽ 25) ടീമിനെ വിജയപാതയിലേക്ക് നയിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. 24ാം ഓവറിൽ സിക്കന്ദർ റാസ, ഹൂഡയെ ക്ലീൻ ബൗൾ ചെയ്യുമ്പോൾ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ജയം യാഥാർഥ്യമാകുമ്പോൾ അക്‌സർ പട്ടേലായിരുന്നു (7 പന്തിൽ 6) സഞ്ജുവിന് കൂട്ട്.
മാച്ച് വിന്നിംഗ് ബാറ്റിംഗും, നേരത്തെ വിക്കറ്റിന് പിന്നിൽ മൂന്ന് ഉജ്വല ക്യാച്ചുകളുമായി സഞ്ജു മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 38.1 ഓവറിൽതന്നെ സിംബാബ്‌വെയുടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ കഴിഞ്ഞു. ശർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദീപക് ചഹറിന് പകരമാണ് ശർദുലിനെ ക്യാപ്റ്റൻ ടീമിൽ ഉൾപ്പെടുത്തിയത്. ഓപ്പണർ ഇന്നസെന്റ് കായിയ, ക്യാപ്റ്റൻ ചകാബ്വ, ലൂക് ജോങ്വെ എന്നിവരുടെ വിക്കറ്റുകൾ ശർദുൽ വീഴ്ത്തി. അപകടകാരിയായ സിക്കന്ദർ റാസയെ (16) കുൽദീപ് യാദവ് പുറത്താക്കി. മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ഷോൺ വില്യംസ് (42), റയാൻ ബേൾ (39) എന്നിവർക്കു മാത്രമേ ഇന്ത്യൻ ആക്രമണത്തെ ചെറുത്തുനിൽക്കാനായുള്ളു. വില്യംസ് മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. തിങ്കളാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.