Sorry, you need to enable JavaScript to visit this website.

സിനിമകളുടെ ഉള്ളടക്കം പരിശോധിക്കും;  തുടക്കത്തിൽ പ്രവേശനം ഫാമിലികൾക്ക് മാത്രം

റിയാദ് - നമസ്‌കാര സമയങ്ങൾ കണക്കിലെടുത്താണ് സൗദിയിൽ സിനിമാ പ്രദർശന സമയം നിശ്ചയിക്കുകയെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 
സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർക്ക് പ്രയോജനപ്പെടുന്നതിനായി ഫാമിലികൾക്കും ബാച്ചിലേഴ്‌സിനും വെവ്വേറെ പ്രദർശനങ്ങളുണ്ടാകും. 
സിനിമകളുടെ ഉള്ളടക്കം പരിശോധിച്ച് അനുമതി നൽകുന്ന സംവിധാനത്തിന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയവും ചേർന്ന് രൂപംനൽകിയിട്ടുണ്ട്. ഇസ്‌ലാമിക മൂല്യങ്ങൾക്കും സൗദിയിലെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമല്ലാത്ത സിനിമകൾക്കു മാത്രമാണ് പ്രദർശനാനുമതി നൽകുക. 
റിയാദ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ പ്രദർശനം ആരംഭിച്ച എ.എം.സി തിയേറ്ററിലേക്ക് ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. 
ആദ്യ പ്രദർശനത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് പൊതുജനങ്ങൾക്കുള്ള സിനിമാ പ്രദർശനം മുമ്പ് നിശ്ചയിച്ചതിലും നേരത്തെയാക്കുന്നതിന് അധികൃതർക്ക് പ്രചോദനം. പൊതുജനങ്ങൾക്കുള്ള സിനിമാ പ്രദർശനം അടുത്ത വെള്ളിയാഴ്ച ആരംഭിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 
ഇന്ന് കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ബാച്ചിലേഴ്‌സ് പ്രദർശനത്തിന്റെ തീയതി തിയേറ്റർ അധികൃതർ അറിയിച്ചിട്ടില്ല.  
എ.എം.സി എന്റർടൈൻമെന്റ് കമ്പനി സൗദിയിൽ തുറക്കുന്ന തിയേറ്ററുകൾ രണ്ടായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി ചെയർമാൻ ആദം ആരോൺ പറഞ്ഞു. ഹോളിവുഡ്, ബോളിവുഡ് സിനിമകൾ എ.എം.സി തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. സൗദി സിനിമകൾ പ്രദർശിപ്പിക്കുന്നതിനും അവസരമുണ്ടാകും. ദിവസേന മൂന്നു ഷോകളാണുണ്ടാവുക. തിയേറ്ററിലെ നിലവിലെ സീറ്റുകൾ മാറ്റും. ഇവ ഇറ്റാലിയൻ തുകൽ ഉപയോഗിച്ച് നിർമിച്ചതാണ്. നാടക തിയേറ്ററിന് യോജിച്ച നിലയിൽ രൂപകൽപന ചെയ്ത ചെയറുകളാണിവ. അടുത്ത വേനൽക്കാലത്തോടെ കമ്പനിക്കു കീഴിലെ മറ്റു തിയേറ്ററുകളിലേതിനു സമാനമായ സീറ്റുകൾ റിയാദ് തിയേറ്ററിൽ മാറ്റിസ്ഥാപിക്കും. ഭൂരിഭാഗം പ്രദർശനങ്ങളും ഫാമിലികളെ ലക്ഷ്യമിട്ടാകും. ചില തിയേറ്ററുകളും പ്രദർശനങ്ങളും യുവാക്കൾക്കു വേണ്ടി നീക്കിവെക്കുന്നതിന് സാധ്യതയുണ്ടെന്നും ആദം ആരോൺ പറഞ്ഞു. 
 

Latest News