കൽപറ്റ- സംസ്ഥാന സാക്ഷരത മിഷൻ വയനാട്ടിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കിയ ആദിവാസി സാക്ഷര പദ്ധതിയുടെ പ്രഥമ ഘട്ടം പൂർത്തിയാകുമ്പോൾ എഴുത്തും വായനയും അടിസ്ഥാന ഗണിതവും അഭ്യസിച്ചത് 5283 പേർ. രേഖകളിൽ വിരലടയാളം പതിക്കുന്നതിനു പകരം വടിവൊത്ത അക്ഷരങ്ങളിൽ പേരെഴുതി കയ്യൊപ്പിടാൻ പഠിച്ചതിന്റെ ആഹഌദത്തിലാണ് പദ്ധതി ഗുണഭോക്താക്കളെല്ലാം. സാക്ഷരത മിഷൻ 22 നു പഠന കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ് ഇവർ.
ജില്ലയിൽ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലേതായി 283 കോളനികളിലാണ് സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്. നിരക്ഷരരായ ആദിവാസികളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനൊപ്പം ജീവിതത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താനുമായി ആസൂത്രണം ചെയ്തതാണ് പദ്ധതി. ത്രൈമാസ പദ്ധതിയായാണ് രൂപകൽപന ചെയ്തതെങ്കിലും അഞ്ചുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. മുഴുവൻ കോളനികളിലും ആദിവാസി, പൊതു വിഭാഗത്തിൽനിന്നുള്ള ഒന്നുവീതം ഇൻസ്ട്രക്ടർമാർ ചേർന്നാണ് ക്ലാസെടുത്തത്. പഠനകാലത്ത് പഠിതാക്കളുടെ സ്വഭാവത്തിൽ തന്നെ കാതലായ മാറ്റം വന്നതായി ഇൻസ്ട്രക്ടർമാർ പറയുന്നു. പഠിതാക്കളിൽ പലരും മദ്യപാനവും വെറ്റില മുറുക്കും ഗണ്യമായി കുറച്ചു. വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്ന ബോധ്യവും അവരിലുണ്ടായി. തുടക്കത്തിൽ പഠിതാക്കളിൽ പലരും മദ്യപിച്ചും വെറ്റില മുറുക്കിയുമാണ് ക്ലാസിൽ എത്തിയിരുന്നത്.
പരീക്ഷക്കൊരുങ്ങുന്നതിൽ മൂപ്പൈനാട് അമ്പലക്കുന്ന കോളനിയിലെ തൊണ്ണൂറുകാരി മാക്കയാണ് മുതിർന്ന പഠിതാവ്. പ്രായം കുറഞ്ഞ പഠിതാവ് പടിഞ്ഞാറത്തറ ചൽക്കാരക്കുന്ന് കോളനിയിലെ പതിനാറുകാരി ലക്ഷ്മിയും.
എഴുത്തും വായനയും കണക്കും ചേർന്ന രണ്ട് മണിക്കൂർ പരീക്ഷയാണ് പഠിതാക്കൾക്കായി നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ. ദേവകി, സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ സി.കെ. പ്രദീപ്കുമാർ എന്നിവർ പറഞ്ഞു. സാക്ഷരത പദ്ധതി മറ്റു കോളനികളിലും നടപ്പിലാക്കുന്നതിനു നീക്കം നടത്തിവരികയാണ്. 2011 ലെ സെൻസസ് അനുസരിച്ച് ജില്ലയിൽ 2500 ഓളം കോളനികളിലായി 1,514,43 ആദിവാസികളാണുള്ളത്. ഇതിൽ ഏകദേശം 29 ശതമാനം എഴുത്തും വായനയും അറിയാത്തവരാണ്.
സാക്ഷരതാ പദ്ധതി പഠിതാക്കൾക്ക് തുടർ പഠനത്തിനു അവസരമൊരുക്കുന്നതിനെക്കുറിച്ചും സാക്ഷരത മിഷൻ ആലോചിക്കുന്നുണ്ട്. ആദിവാസി സാക്ഷരത പദ്ധതി രക്ഷിതാക്കളിൽ പുത്തൻ അവബോധത്തിനു കാരണമായത് വിദ്യാലയങ്ങളിൽനിന്നു കുട്ടികൾ കൊഴിയുന്നത് ഒരളവോളം തടയാനും ഉതകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.