കൊല്ലം- മന്ത്രിമാര്‍ക്കെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലും രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാരില്‍ കെ രാജന് മാത്രമാണ് പാസ് മാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. മറ്റ് മന്ത്രിമാര്‍ പരാജയമാണ്. വകുപ്പുകളെക്കുറിച്ച് പഠിക്കാന്‍ പോലും മന്ത്രിമാര്‍ തയാറാകുന്നില്ല. എല്‍ഡിഎഫ് നാഥനില്ലാ കളരിയായി മാറിയെന്നും സിപിഎം ആണ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതെന്നും സിപിഐ പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഎം ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളെ സിപിഐ പിന്തുണയ്ക്കുകയാണെന്നും ജില്ലാ സമ്മേളനത്തില്‍ പരാമര്‍ശമുയര്‍ന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത് അതിരൂക്ഷ വിമര്‍ശനങ്ങളാണ്. സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്നാണ് പ്രതിനിധികളുടെ വിമര്‍ശനം. കൊല്ലം ജില്ലാ സെക്രട്ടറിയായി സംസ്ഥാന നേതൃത്വം തീരുമാനിച്ചയാളെ നിയോഗിക്കാന്‍ പോലും കഴിഞ്ഞില്ല. കേരള ബാങ്ക് ഭാരവാഹികളെ തീരുമാനിച്ചപ്പോള്‍ സിപിഐയെ ഒഴിവാക്കി.
കിഫ്ബിയിലെ ഇ ഡി അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും കൊല്ലം ജില്ലാ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. എല്ലാം സുതാര്യമാണെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ടതില്ലല്ലോ എന്ന് പ്രതിനിധികള്‍ ചോദ്യമുയര്‍ത്തി. സിപിഎമ്മിന് മുന്നില്‍ സിപിഐ അടിയറ വയ്ക്കുന്നുവെന്ന വിമര്‍ശനവുമുയര്‍ന്നു. തോറ്റ സീറ്റുകള്‍ സി പി ഐയ്ക്ക് നല്‍കി തടിയൂരുന്നു. കരുനാഗപ്പള്ളി തോറ്റത് കൊണ്ട് അതും നല്‍കുമോ എന്നും പ്രതിനിധികള്‍ പരിഹാസമുയര്‍ത്തി.