കോഴിക്കോട് - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടെ അബുദാബി വിമാനതാവളത്തിൽ കുടുങ്ങിയ ബിജേഷ് ബാലകൃഷ്ണൻ ഒടുവിൽ മാഞ്ചസ്റ്ററിലേക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മർച്ചന്റ് എൻജിനീയറിങ് വിദ്യാർഥി ബിജേഷ് ബാലകൃഷ്ണനാണ് ഇത്തിഹാദ് എയർവേയ്‌സിലെ വെരിഫിക്കേഷൻ ജീവനക്കാരിയുടെ അനാസ്ഥ മൂലം അബുദബിയിൽ കുടുങ്ങിയത്. കോഴിക്കോട് എം.പി എം.കെ രാഘവൻ അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി പുതിയ പാസ്‌പോർട്ട് നൽകുകയായിരുന്നു.
സംഭവം ഇങ്ങനെ:
ഇക്കഴിഞ്ഞ 17 ന് മുംബൈയിൽനിന്നു ജെറ്റ് എയർവേയ്‌സിൽ അബുദബിയിലെത്തിയ ബിജേഷ് കണക്ഷൻ ഫ്‌ളൈറ്റായ ഇത്തിഹാദ് എയർവേയ്‌സിലാണ് ഇംഗ്ലണ്ടിൽ പോവേണ്ടിയിരുന്നത്. സുരക്ഷാ പരിശോധന കഴിഞ്ഞു ഗേറ്റ് ചെക്കിങിനായി പാസ്‌പോർട്ടും ബോർഡിങ് പാസും കൗണ്ടർ ഡെസ്‌കിലുണ്ടായിരുന്ന ഇത്തിഹാദ് എയർവേയ്‌സിലെ ഫിലിപ്പിനോ ആയ ജീവനക്കാരിക്ക് നൽകി. അതിനിടയിൽ ജീവനക്കാരി അനുബന്ധ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. അതെടുക്കുന്നതിനിടെ പാസ്‌പോർട്ടും ബോർഡിങ് പാസും ജീവനക്കാരി മറ്റാർക്കോ എടുത്തുകൊടുക്കുകയായിരുന്നെന്ന് ബിജേഷ് പറഞ്ഞു. തന്റെയടുത്ത് സംഭവിച്ച വീഴ്ച അറിയാതെ ജീവനക്കാരി തന്നോട് വീണ്ടും പാസ്‌പോർട്ട് ആവശ്യപ്പെട്ടു. നൽകിയെന്ന് പറഞ്ഞെങ്കിലും അവർ അത് സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന് എയർപോർട്ട് പോലീസിൽ വിവരം അറിയിക്കുകയും അവർ സി.സി.ടി.വി പരിശോധിക്കുകയും ചെയ്തു. താൻ എയർലൈൻസ് ജീവനക്കാരിക്ക് പാസ്‌പോർട്ട് കൊടുക്കുന്നതും അവരത് മറ്റൊരാൾക്ക് അറിയാതെ കൈമാറുന്നതും ഇതിൽ വ്യക്തമായി കണ്ടതായി ബിജേഷ് പറയുന്നു. അധികൃതർ ഇക്കാര്യം അനൗൺസ് ചെയ്യുകയും ഫ്‌ളൈറ്റ് വൈകിപ്പിച്ചു പരിശോധന നടത്തുകയും ചെയ്‌തെങ്കിലും പാസ്‌പോർട്ട് കിട്ടിയില്ല. തുടർന്ന് ബിജേഷിനെ അബുദാബിയിൽ നിർത്തി ഫ്‌ളൈറ്റ് മാഞ്ചസ്റ്ററിലേക്ക് പറക്കുകയായിരുന്നു. ഒമ്പത് മണിക്കൂറിനു ശേഷം മാഞ്ചസ്റ്റർ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോഴും എയർലൈൻസ് അധികൃതർ ഇക്കാര്യം അനൗൺസ് ചെയ്തിരുന്നുവെന്നും അതുകൊണ്ട് യാതൊരു ഫലവും ഉണ്ടായില്ലെന്നും എയർലൈൻസ് അധികൃതർ പറഞ്ഞതായി ബിജേഷ് അറിയിച്ചു. തുടർന്നാണ് എം.കെ രാഘവൻ എം.പിയെ വിവരം അറിയിച്ചത്. അദ്ദേഹം ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
മാഞ്ചസ്റ്ററിൽ മർച്ചന്റ് നേവി എൻജിനീയറിങ് കോഴ്‌സ് ചെയ്യുന്ന ബിജേഷ് ഏതാനും ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. ഭക്ഷണവും കിടക്കാനുള്ള സൗകര്യവും എയർവേയ്‌സ് അധികൃതർ നൽകിയിരുന്നു.