ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ ഗാന്ധിയുടെ  പിഎ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

കല്‍പറ്റ-രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ പി.എ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. എം.പിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രതീഷ്‌കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്. രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കേസില്‍ ഹാജരാകുന്നതിനു പോലീസ് കഴിഞ്ഞ ദിവസം അഞ്ചു പേര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കല്‍പറ്റ പോലീസ് സ്‌റ്റേഷനില്‍ ഹാജരായതില്‍ നാലു പേരെയാണ് അറസ്റ്റു ചെയ്തത്. നോട്ടീസ് ലഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രതീഷ് കേസില്‍ സാക്ഷിയാണ്.  
അതിനിടെ, പോലീസ് കേസില്‍ കുടുക്കുകയായിരുന്നുവെന്നും  തരംതാണ രാഷ്ട്രീയക്കളികളാണ് നടക്കുന്നതെന്നും അറസ്റ്റിലായവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് കൂട്ടാക്കിയില്ലെന്നു അവര്‍ ആരോപിച്ചു. 
ജൂണ്‍ 24നു എം.പി ഓഫീസില്‍ എസ്.എഫ്.എ അക്രമം നടന്ന ദിവസമാണ് ഗാന്ധിചിത്രം തകന്നത്. ചിത്രം തകര്‍ത്തതു കോണ്‍ഗ്രസുകാരാണെന്നു സി.പി.എമ്മും എസ.്എഫ്.ഐയും ആരോപിച്ചിരുന്നു. എന്നാല്‍ എസ്.എഫ്.ഐക്കാര്‍ ചിത്രം ചുമരില്‍നിന്നു വലിച്ചു താഴെയിട്ടു തകര്‍ത്തുവെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. എം.പി ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ 29 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുമെന്നാണ് സൂചന.
 

Latest News