കാളികാവ് -വ്യാജ തേൻ നിർമാണ കേന്ദ്രത്തിൽ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ കൃത്രിമ തേൻ നിർമാണ സാമഗ്രികളുടെ വൻശേഖരം കണ്ടെത്തി. ചോക്കാട് 40 സെന്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്. 21 ബാരലുകളിൽ പഞ്ചസാര ലായനി കലക്കി വെച്ച വീട്ടിലാണ് റെയ്ഡ് നടത്തിയത്. ആരോഗ്യ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നു അധികൃതർ പറഞ്ഞു. നാൽപത് സെന്റ് കെട്ടുങ്ങൽ റോഡിൽ ആളൊഴിഞ്ഞ പ്രദേശത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മൂവായിരത്തോളം ലിറ്റർ പഞ്ചസാര ലായനിയാണ് വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. ഏതാനും ലിറ്റർ തേനും വീടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യാതൊരു അനുമതിയുമില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഈ സമയത്ത് തേനീച്ചകൾക്കു ഭക്ഷണം നൽകുന്ന സമയമല്ലെന്നും മാരകമായ രാസവസ്തുക്കൾ ചേർത്ത് വ്യാജ തേൻ നിർമിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാർ പറഞ്ഞു. പഞ്ചസാര ലായനി കലക്കി വെച്ച ബാരലുകളിൽ ഒരു ഉറുമ്പു പോലും ഇല്ലാത്തതും നാട്ടുകാർ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ സ്ഥലത്ത് പഞ്ചസാര ലായനി തിളപ്പിച്ച് കുറുക്കിയെടുത്ത് ഫെവിക്കോളും മാരകമായ കെമിക്കലുകളും ചേർത്തു വ്യാജ തേൻ നിർമിക്കുന്ന കേന്ദ്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും ധാരാളമുണ്ട്.
ഒരു കിലോ തേനിനു 80 മുതൽ 100 രൂപ നിരക്കിലാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്നു തേൻ മൊത്തകച്ചവടം നടക്കുന്നത്. നാനൂറ് രൂപയോളമെങ്കിലും വേണം ഒറിജിനൽ തേനിന്. എന്നാൽ വ്യാജ തേൻ നൂറ്റി അമ്പത് രൂപയിൽ താഴെ മാത്രമാണ് വില. അടുത്ത മാസങ്ങളിൽ തേനീച്ചകൾക്കു ഭക്ഷണം നൽകുന്നതിനുള്ള ലായനിയാണ് ഇതെന്ന് ഉടമയായ വരമ്പൻ പൊട്ടി സ്വദേശി വള്ളിക്കാടൻ ഷഫീഖ്, പുത്തൻവീട്ടിൽ ഉണ്ണി എന്നിവർ പറഞ്ഞു.
ലായനിയുടെ സാമ്പിളുകളും തേനിന്റെ സാമ്പിളും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾക്കു ശേഷമേ വ്യാജ തേനാണോയെന്ന് പറയാനാകൂവെന്നു അധികൃതർ പറഞ്ഞു. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ കെ. സുഗുണൻ, വണ്ടൂർ ഫുഡ് സേഫ്റ്റി ഓഫീസർ കെ. ജസീല, നിലമ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ എസ് .ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചോക്കാട് പിഎച്ച്‌സി ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഗിരീഷ് കുമാർ കാളികാവ് പോലീസ് ഓഫീസർമാർ, വനം വകുപ്പ് അധികൃതർ എന്നിവരും വീട് പരിശോധിച്ചു.