കണ്ണൂർ- കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കർണാടക ചിക്കമംഗളൂരു സ്വദേശി ഷംഷീർ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലിക്കി (26) നെ പൊള്ളലേറ്റ നിലയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചതിനുശേഷമാണ് ഷംഷീർ മരിച്ചത്. മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി റോഡിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
കർണാടകത്തിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിന്റെ ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിൽ കാറും ബൈക്കും പൂർണമായി കത്തിനശിച്ചു.
അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തിൽ നിന്നും ഇറങ്ങിയതിനാൽ കാർ ഡ്രൈ മൊറാഴ സ്വദേശി രാധാകൃഷ്ണൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണപുരം പോലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇൻക്വസ്റ്റ് നടത്തിയ ഷംഷിറിന്റെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.