തിരുവനന്തപുരം- കേരളത്തിൽ വർഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇതേതുടർന്ന് മൂന്നു ദിവസത്തേക്ക് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വർഗീയ കലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ഉണ്ടാകുമെന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്. ഇതേത്തുടർന്ന് മുഴുവൻ പ്രദേശങ്ങളിലും പരമാവധി പോലീസുകാരെ വിന്യസിച്ച് സുരക്ഷ കർശനമാക്കാൻ നിർദ്ദേശിച്ചു. രാത്രിയിലടക്കം വാഹനപരിശോധന ശക്തമാക്കും. പോലീസ് സ്റ്റേഷനുകൾ ഏത് സമയവും സർവ്വസജ്ജമായിരിക്കണമെന്നും ഡി.ജി.പി നൽകിയ സർക്കുലറിൽ പറയുന്നു.
അതേസമയം, ഇക്കഴിഞ്ഞ പതിനാറിന് അപ്രഖ്യാപിത ഹർത്താൽ നടത്തിയത് വർഗീയ വികാരം ഇളക്കിവിടാൻ ലക്ഷ്യമിട്ടായിരിരുന്നുവെന്ന് സ്ഥിരീകരിച്ചതായും ഡി.ജി.പി വ്യക്തമാക്കി. അപ്രഖ്യാപിത ഹർത്താൽ നടത്താൻ പ്രവർത്തിച്ചവർക്ക് വേണ്ടി സംസ്ഥാന വ്യാപകമായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്രഖ്യാപിത ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചത് എസ്.ഡി.പി.ഐ പോലുള്ള ചില വർഗീയ സംഘടനകളാണ്. കത്‌വയിൽ ആസിഫ എന്ന എട്ടുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന്റെ മറപിടിച്ച് മതസ്പർദ്ധ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹർത്താൽ സംഘടിപ്പിച്ചത്.