തിരുവനന്തപുരം- കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിണറായിയുടെ കൈയിൽ നിരപരാധികളുടെ ചോര പുരണ്ടിരിക്കുന്നുവെന്നും അതിൽ കമ്യൂണിസ്റ്റു നേതാവിന് ചേരാത്ത കളങ്കം വന്നുചേർന്നിരിക്കുന്നുവെന്നും അത് തുടച്ചുകളയാൻ നിങ്ങൾ പണ്ട് നിയമസഭയിൽ ഉയർത്തിപിടിച്ച, പോലീസ് അതിക്രമത്തിൽ ചോരപുരണ്ട നിങ്ങളുടെ തന്നെ ഉടുപ്പ് മാത്രം മതിയാകാതെ വരുമെന്നും ജേക്കബ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ ഏകദേശം വ്യക്തമായിരിക്കണം.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നിരപരാധിയായ ഒരു യുവാവിനെ പിടിച്ചുകൊണ്ടുപോയി പോലീസ് ഇടിച്ചും ചവിട്ടിയും കൊന്നു. ഒരിക്കലുമില്ലാത്തപോലെ കള്ളമൊഴികൾ ഉണ്ടാക്കി കൊലപാതകത്തിന്റെ പഴി ആത്മഹത്യ
ചെയ്ത ഒരു മനുഷ്യന്റെമേൽ ചാരാൻ നോക്കി. കുടലുപൊട്ടി ആ ചെറുപ്പക്കാരൻ മരിച്ചതിന്റെ പത്താം ദിവസം ചങ്ങലയിലെ ഏറ്റവും താഴെയുള്ള മൂന്നു പൊലീസുകാരെ അറസ്റ്റ് ചെയ്തു.
ഇതാണ് ഇപ്പോൾ നടന്നത്.
വീടാക്രമിക്കാൻ പോയി ചവിട്ടു കിട്ടി കുടലുമുറിഞ്ഞു മരിച്ചു എന്ന് പോലീസും സർക്കാർ ഭക്തരും പറഞ്ഞുനടന്ന കേസാണിത്. (ഭക്തരെ, പോസ്റ്റ് മോർട്ടം റിപോർട്ട് മാത്രമേ വന്നിട്ടുള്ളൂ, കോടതി വിചാരണയും വിധിയുമൊന്നും വന്നിട്ടില്ല എന്ന് നിങ്ങൾക്ക് ഇനിയും വാദിക്കാം. രാജൻ കേസിൽ ആരെയും ശിക്ഷിച്ചിട്ടില്ല എന്ന ചരിത്രം നിങ്ങളെ ഓർമ്മിപ്പിക്കാൻ എനിക്കാഗ്രഹമുണ്ട്)
എന്നാൽ വീടാക്രമിച്ചതിന്റെ പേരിൽ കൊടുത്ത പരാതിയിൽ ശ്രീജിത്തിന്റെ പേരില്ല എന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ് മാധ്യമങ്ങളോട് പറഞ്ഞ അന്ന് ഇത് കസ്റ്റഡി കൊലപാതകമാണ് എന്ന് വ്യക്തമായതാണ്.
എന്നാൽ നമ്മൾ പിന്നീട് നമ്മൾ കണ്ടത് കേരളം പോലീസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും നാണംകെട്ട, കുറ്റകരമായ കളികളായിരുന്നു. ആത്മഹത്യ ചെയ്ത തന്റെ അച്ഛൻ വീടാക്രമിക്കാൻ വന്ന പതിനാലോളം പേരിൽ ചിലരെ ചവിട്ടിയെന്നും, അവർക്കു പരിക്ക് പറ്റിയോ എന്ന് തനിക്കറിയില്ലെന്നും ഉള്ള അസംബന്ധം നിറഞ്ഞ മൊഴി മകനിൽനിന്നും വാങ്ങി മാധ്യമങ്ങൾക്കു കൊടുത്തത് ഇതേ പൊലീസാണ്. താൻ ശ്രീജിത്തിനെതിരെ പരാതി നൽകിയില്ലെന്നു വിനീഷ് പറഞ്ഞു പോലീസ് ആകെ കുടുങ്ങി നിൽക്കുമ്പോഴാണ് ഇത്തരം ഒരു മൊഴി പ്രചരിച്ചത്. (വാലും തലയുമില്ലാത്ത ആ മൊഴി യാതൊരു പരിശോധനയും സംശയവും കൂടാതെ അതേപടി പ്രചരിപ്പിച്ച മാധ്യമങ്ങൾ കാണിച്ച ക്രൂരതയും നമ്മൾ മറയ്ക്കരുത് )
കസ്റ്റഡിയിലെടുത്ത ഒരു മനുഷ്യന്റെ ജീവന് ഉത്തരവാദിത്തം സർക്കാരിനാണ് എന്ന കേവല തത്വം അനുസരിച്ചായാൽ പോലും ഉത്തരവാദപ്പെട്ടവരെ അറസ്റ്റ് ചെയ്ത് തെളിവുനശിപ്പിക്കാതെ നോക്കേണ്ട മിനിമം ഉത്തരവാദിത്തം പോലീസിനുണ്ടായിരുന്നു.
പകരം നമ്മൾ കണ്ടത് ഇന്ത്യയിൽ ഇന്ന് യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തു മാത്രം നടക്കാൻ സാധ്യതയുള്ള കാര്യമാണ്: ആത്മഹത്യ ചെയ്ത ആളെ പഴിചാരുന്ന വിധത്തിൽ മകനെക്കൊണ്ട് മൊഴി എഴുതിവാങ്ങി. ക്രിമിനൽ പ്രൊസീഡിയർ കോഡിലെങ്ങും പറയാത്ത വിധത്തിൽ പോലീസ് സ്‌റെഷനിൽ വച്ച് തിരിച്ചറിയൽ പരേഡ് നടത്തി. അയൽക്കാരൻറെ അടുത്തുനിന്നും ഒരു മൊഴി വാങ്ങി, അയാളത് പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നിഷേധിച്ചു.
എന്നുവച്ചാൽ, കൊന്നു എന്നുമാത്രമല്ല, കൊലപാതകം മറച്ചുവെക്കാനുള്ള എല്ലാ കുറ്റകരമായ പ്രവർത്തികളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ അവരുടെ അറിവോടെ നമ്മുടെ മുൻപിൽ, കൊച്ചിയിൽ നടന്നു. എന്നിട്ടു പത്തുദിവസം കഴിഞ്ഞപ്പോൾ മൂന്നു പൊലീസുകാരെ മാത്രം പിടികൂടി.
ഞാൻ ഒരു ചെറിയ കൈക്കൂലിക്കേസിനെപ്പറ്റിയല്ല സംസാരിക്കുന്നത്. പോലീസ് നടത്തിയ കൊലപാതകത്തെപ്പറ്റിയാണ്. അത് മറയ്ക്കാൻ നടത്തിയ നീചമായ ശ്രമങ്ങളെക്കുറിച്ചാണ്.
***
എൽ ഡി എഫ് സർക്കാർ അധികാരണമേറ്റെടുത്ത് ആറുമാസം കഴിഞ്ഞപ്പോൾ ഈ സർക്കാരിനോട് ആശയപരമായി വളരെ അടുത്തുനിൽക്കുന്ന ഒരാൾ പൊലീസിലെ കാവിവൽക്കരണത്തെക്കുറിച്ചു എന്നോട് പറഞ്ഞു. അടുത്ത സുഹൃത്തായതിനായതിനാൽ ഞാൻ തിരിച്ചു വാദിക്കുകയല്ല ചെയ്തത്, സത്യത്തിൽ തട്ടിക്കയറുകയായിരുന്നു. പിണറായി വിജയനാണ് ആഭ്യന്തരമന്ത്രി എന്ന് ഞാൻ അയാളെ ഓർമ്മിപ്പിച്ചു.
ഇന്നെനിക്കതിൽ ഖേദമുണ്ട്, ശ്രീ പിണറായി വിജയൻ.
നിങ്ങളുടെ ത്യാഗനിർഭരമായ രാഷ്ട്രീയ ചരിത്രത്തെ അളക്കാൻ ഞാൻ ആളല്ല. പക്ഷെ ഇപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. മനുഷ്യത്വ മുഖമുള്ള മുതലാളിക്കുവേണ്ടി നിങ്ങളുടെ തന്നെ പാർട്ടികമ്മിറ്റിയെ തള്ളിപ്പറഞ്ഞ നിങ്ങൾ നിങ്ങളുടെ മുൻപും നിങ്ങളോടൊപ്പവും നിങ്ങൾക്ക് പിറകേയും വന്ന സഖാക്കൾ ചിന്തിയ ചോരയെ നിസ്സാരമാക്കുന്നു. അനീതിക്കെതിരെ ശബ്ദിക്കുന്നതിൽനിന്നു നിങ്ങളുടെ പിൻഗാമികളെ നിങ്ങൾ നിശ്ശബ്ദരാക്കിയിരിക്കുന്നു; എന്തിനു, അവയ്ക്കു സ്തുതിപാടുന്ന നിലയിലേക്ക് അവർ അധഃപതിച്ചിരിക്കുന്നു.
പോലീസാണോ ക്രിമിനലാണോ എന്ന് സംവിധാനത്തിനുതന്നെ ഉറപ്പില്ലാത്ത പോലീസുകാർ നിങ്ങളുടെ ഭരണത്തിൽ ഉയർന്ന കസേരകളിൽ ഇരിക്കുന്നു; അവരുടെ ചെയിൻ ഓഫ് കമാൻഡ് മുകളിൽനിന്നും താഴെവരെ എത്തിനിൽക്കുന്നു.അവരിൽ ചിലർതന്നെ ഇത്തരം കേസുകൾ അന്വേഷിക്കുന്നു.
ഗീത ഗോപിനാഥിനെയും രമൻ ശ്രീവാസ്തവയെയും ഉപദേശികളാക്കി വച്ച് നിങ്ങളിപ്പോൾ വിചിത്രമായ ഏതോ പരിപാടി പിൻപറ്റുകയാണ്. പണക്കാരുടെ പെട്ടിപിടുത്തക്കാരനായി മാറി നിയമനിർമ്മാണപ്രക്രിയയെ വ്യഭിചരിച്ചു നിങ്ങൾ അവർക്കു വേണ്ടി ഇന്ത്യ കണ്ടതിൽവച്ചേറ്റവും വഷളായ നിയമങ്ങളിൽ ഒരെണ്ണം നിർമ്മിച്ചു, ആ നിയമത്തെ പോലും ലംഘിച്ചുകൊണ്ട് നിങ്ങൾ മുതലാളിമാർക്കുവേണ്ടി ഉത്തരവുകൾ പാസാക്കി. ഇപ്പോൾ നിരപരാധികളുടെ രക്തം കൊണ്ട് നിങ്ങൾ കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിനു കളങ്കം ചാർത്തി.
പിണറായി വിജയൻ, നിങ്ങളുടെ കൈയിൽ നിരപരാധികളുടെ ചോര പുരണ്ടിരിക്കുന്നു; അതിൽ കമ്യൂണിസ്റ്റു നേതാവിന് ചേരാത്ത കളങ്കം വന്നുചേർന്നിരിക്കുന്നു. അത് തുടച്ചുകളയാൻ നിങ്ങൾ പണ്ട് നിയമസഭയിൽ ഉയർത്തിപിടിച്ച, പോലീസ് അതിക്രമത്തിൽ ചോരപുരണ്ട നിങ്ങളുടെ തന്നെ ഉടുപ്പ് മാത്രം മതിയാകാതെ വരും.