Sorry, you need to enable JavaScript to visit this website.

വ്യാജഹർത്താലിൽ പങ്കെടുത്ത പ്രവർത്തകരുടെ വിശദാംശം ലീഗ് ശേഖരിക്കുന്നു

മുസ്‌ലിം തീവ്രവാദ സംഘടനകളെ സഹായിക്കുന്നത് ബി.ജെ.പിയെന്ന് കുഞ്ഞാലിക്കുട്ടി
 

കോഴിക്കോട്- അപ്രഖ്യാപിത ഹർത്താലിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് പ്രവർത്തകരുടെ വിശദാംശങ്ങൾ പാർട്ടി ശേഖരിക്കുന്നു. ഹർത്താലുമായി ബന്ധമില്ലെന്നും അതുമായി സഹകരിക്കരുതെന്നും യൂത്ത് ലീഗ് തുടക്കത്തിൽ തന്നെ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പലയിടത്തും ലീഗ് പ്രവർത്തകരും ഹർത്താലിന് അനുകൂലമായി രംഗത്തെത്തിയിരുന്നു. ഹർത്താലുമായി സഹകരിച്ച പാർട്ടി പ്രവർത്തകരുടെ കണക്കെടുക്കുകയും അവരെ വിളിച്ചുകൂട്ടി കാര്യങ്ങൾ വിശദീകരിക്കാനുമാണ് തീരുമാനം. പാർട്ടി നിർദ്ദേശമില്ലാതെ സമരങ്ങളിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകർക്ക് കർശനനിർദ്ദേശം നൽകും. ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലേക്ക് നയിക്കുമെന്നും തീവ്രവാദ സ്വഭാവമുള്ളവരുടെ വലയിൽ കുടുങ്ങരുതെന്നും പ്രവർത്തകരെ ബോധവത്കരിക്കും. അതേസമയം, ഹർത്താലുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്നവർക്കായി സഹായം നൽകാൻ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. 
അതിനിടെ, വ്യാജഹർത്താലുമായി സഹകരിച്ചവർക്കെതിരെ കടുത്ത പരാമർശവുമായി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും രംഗത്തെത്തി. വ്യാജ ഹർത്താൽ ദിവസം തിരക്കിലായ പല ഓഫീസുകളും ഉണ്ടെന്നും അതിൽ 'അപ്പുറത്തെയും ഇപ്പുറത്തെയും' ഓഫീസുകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.   
തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ചില മുസ്‌ലിം ന്യൂനപക്ഷ സംഘടനകൾ. ഇവർക്കെതിരേ യുവാക്കൾ ജാഗ്രത പാലിക്കണം. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക്  ബുദ്ധി ഉപദേശിക്കുന്നതും അതിനുള്ള ചെലവു വഹിക്കുന്നതും ബി.ജെ.പിയാണ് എന്നു വരെ ചർച്ചയുണ്ട്. ഈ രാജ്യത്ത് ഒന്നും അസംഭവ്യമല്ല. എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി വർഗീയവത്കരിച്ചു. എല്ലാം വർഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നവർ ധാരാളമുണ്ട്. യുവാക്കൾ നിൽക്കേണ്ടത് യൂത്ത് ലീഗ് പറഞ്ഞിടത്താണ്. അവിടെനിന്നും വഴിതെറ്റി പോകാൻ പാടില്ല. അവനവനു തോന്നിയത് ഒക്കെ നിയമമാക്കിയാൽ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകും; വായിൽ തോന്നിയതു മുഴുവൻ കോതയ്ക്കു പാട്ടാകും. അവസാനം ചെന്നെത്തുന്നത് എവിടെയെന്ന് പറയാൻ പറ്റില്ല. അങ്ങനെ ഒരു സമൂഹം നമുക്കു വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരാൻ ഇപ്പോൾ എല്ലാ സാധ്യതകളുമുണ്ട്. പക്ഷേ ഒരു ഭീഷണിയുണ്ട്. ചില മുസ്‌ലിം ന്യൂനപക്ഷ സംഘടനകൾ രാഹുൽ ഗാന്ധിയുടെ കൂടെയുണ്ട് എന്ന് കേൾക്കുന്നുണ്ട്. നോമിനേഷൻ കൊടുത്ത ശേഷം അവിടെ ചെന്ന് തീവ്രവാദ പ്രസംഗം നടത്തും. കുറച്ചുവോട്ട് വഴിമാറ്റി കൊടുക്കും. അതോടെ ബി.ജെ.പിക്ക് ജയം എളുപ്പമാകും. ഇരുകൂട്ടർക്കും ലാഭം. അതാണ് ഇതിന്റെ പിന്നിൽ നടക്കുന്നത്. ഇവിടെയും ഒരു സർക്കാരുണ്ട്. ഇതൊന്നും അറിയില്ല. ഇപ്പോൾ ഭരിക്കുന്ന ആളുകളുടെ യുക്തി അത്ര നല്ലതൊന്നുമല്ല. ബാബ്‌രി മസ്ജിദ് പ്രശ്‌നക്കാലത്ത് ഈ വക കാര്യങ്ങളെയെല്ലാം പ്രോത്സാഹിപ്പിച്ചവരാണ് ഇന്ന് അധികാരത്തിൽ ഇരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി തൃശൂരിൽ പറഞ്ഞു. 

Latest News