കൊച്ചി- ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് സഹിക്കാനാകാത്ത മാനസിക ക്രൂരതയായിരിക്കുമെന്നു ഹൈക്കോടതി. ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭര്‍ത്താവിന്റെ അധിക്ഷേപവും ക്രൂരതയാണ്. ഇവയെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, സി എസ് സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വ്യക്തമാക്കിയത്. 'കാലാനുസൃതമായി മാറുമെന്നതിനാല്‍ ക്രൂരതയ്ക്ക് സമഗ്രമായ നിര്‍വചനം നല്‍കുക ബുദ്ധിമുട്ടാണ്. വൃത്തികെട്ട ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയില്‍പെടും', കോടതി നിരീക്ഷിച്ചു.
നിരന്തരമായി തന്നെ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു. 'ഭാര്യ തന്റെ സങ്കല്‍പ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ നിരാശനാണെന്നും ഭര്‍ത്താവ് അധിക്ഷേപിക്കാറുണ്ട്. പുരുഷ സുഹൃത്തുക്കളില്‍ നിന്ന് എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഭര്‍ത്താവ് വലിയ രീതിയില്‍ അസൂയപ്പെടാറുണ്ടെന്നും' ഭാര്യയുടെ മൊഴിയില്‍ പറയുന്നു.ഇതെല്ലാം മാനസിക ക്രൂരതയാണെന്നും വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്നും കോടതി വിലയിരുത്തി. വിവാഹബന്ധം കഴിയുന്നിടത്തോളം നിലനിര്‍ത്തണമെന്നാണ് സമൂഹത്തിന്റെ താത്പര്യം. എന്നാല്‍, ദുരിതമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ അനന്തമായി തുടരുന്നതിന് നേരെ കണ്ണടയ്ക്കാന്‍ നിയമത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി.