ജലകായിക പ്രേമികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഫുവൈരിത് കൈറ്റ് ബീച്ച് ഉടന്‍ തുറക്കും

ദോഹ- ഖത്തറിന്റെ വടക്കന്‍ തീരത്ത് ഫുവൈരിത് കൈറ്റ് ബീച്ച് ഉടന്‍ തുറക്കുമെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഖത്തര്‍ ടൂറിസം ഇക്കാര്യം അറിയിച്ചത്. കൈറ്റ് സര്‍ഫിംഗിനായി ലോകത്തിലെ ഏറ്റവും മികച്ച  സ്ഥലങ്ങളാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്. തിളക്കമുള്ള നീല തിരമാലകളിലെ സര്‍ഫിംഗ് ഉന്മേഷദായകമായ കാഴ്ചകള്‍ സമ്മാനിക്കും. ഖത്തറിന്റെ തീരപ്രദേശവും ശാന്തമായ കടലും അനുഭവിക്കുക. ജല കായിക പ്രേമികള്‍ക്ക് കൈറ്റ്സര്‍ഫിംഗ്, പാഡില്‍-ബോര്‍ഡിംഗ്, പാരാസെയിലിംഗ്, വേക്ക്ബോര്‍ഡിംഗ്, കയാക്കിംഗ്, സ്‌നോര്‍ക്കലിംഗ്, സ്‌കൂബ-ഡൈവിംഗ് എന്നിവയും മറ്റു പല സാഹസിക വിനോദങ്ങളിലും മുഴുകാന്‍ കഴിയും- ഖത്തര്‍ ടൂറിസം പറഞ്ഞു.  
ഒമ്പത് മാസത്തെ മികച്ച കാറ്റും പ്രദേശത്തെ പരന്ന ലഗൂണും ചേര്‍ന്ന് ഫുവൈരിതിനെ കായിക വിനോദത്തിന് അനുയോജ്യമാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കൈറ്റ് സര്‍ഫിംഗ് രഹസ്യങ്ങളില്‍ ഒന്ന് എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കൈറ്റ് ബോര്‍ഡിംഗിന് പുറമെ, കടല്‍ത്തീരത്ത് ഒരു റിസോര്‍ട്ട്, തീരത്ത് നിന്ന് 30 മീറ്റര്‍ അകലെയുള്ള താമസം, യോഗ സ്റ്റുഡിയോ, പൂര്‍ണ്ണ സജ്ജമായ ജിം, കുളം, കൂടാതെ സ്നോര്‍ക്കലിംഗ്, ഡൈവിംഗ് എന്നിവയ്ക്കുള്ള സേവനങ്ങളും ഇവിടെ ലഭ്യമാണ് . കൂടാതെ വിവിധ ആധികാരിക ഖത്തരി രുചികളും അന്താരാഷ്ട്ര വിഭവങ്ങളും ആസ്വദിക്കാനും സംവിധാനമുണ്ട്.
വിദഗ്ധരും പരിശീലകരും ബീച്ചില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ തുടക്കക്കാരും വിഷമിക്കേണ്ടതില്ല.

 

 

Latest News