തിരുവനന്തപുരം- കേരളത്തില്‍ ഓണക്കിറ്റ് വിതരണം റേഷന്‍ കടകള്‍ വഴി നടക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിങ്ങ് 80 ശതമാനവും പൂര്‍ത്തിയായതായി സപ്ലൈക്കോ അറിയിച്ചു. 14 ഇനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നത്. 434 രൂപയാണ് കിറ്റിന് കുറഞ്ഞ ചെലവായി കണക്കാക്കുന്നത്. ലോഡിങ്, വണ്ടിക്കൂലി ഉള്‍പ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായിക്കയിഞ്ഞു.
ആദ്യം എ. എ. വൈ കാര്‍ഡുകാര്‍ക്കാണ് കിറ്റ് നല്‍കുന്നത്. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തിയ്യതിക്ക് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസാന നാല് ദിവസം കിറ്റ് വാങ്ങാം. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറാകുന്നത്. പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം.
മില്‍മയുടെ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങളും പഞ്ചസാരയും ചെറുപയറും തുവരപരിപ്പും കിറ്റിലുണ്ടാകും. വെളിച്ചെണ്ണ പ്രത്യേകമായാകും വിതരണം ചെയ്യുക.
ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്‌സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.
നേന്ത്രക്കായ ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിംഗും നടന്നത്. ഓഗസ്റ്റ് 27ന് ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.