തിരുവനന്തപുരം- കശ്മീരിലെ കതുവയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഘ്പരിവാർ ഭീകരതക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി നടന്ന കേരള ഹർത്താലിന്റെ പേരിൽ പോലീസ് ഭീകരമായ തോതിൽ ന്യൂനപക്ഷ വേട്ട നടത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സംഘടനകളുടെയും പിൻബലമില്ലാതെയാണ് ഹർത്താൽ നടന്നത്. ഭരണകൂടത്തിന്റെ നയനിലപാടുകൾക്കെതിരെ ഇത്തരം പ്രക്ഷോഭങ്ങൾ പുതിയ കാലത്ത് സാധാരണമാണ്. ദേശീയാടിസ്ഥാനത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളും ഏപ്രിൽ ഒന്നിന് ദളിത് പ്രശ്‌നത്തിൽ നടന്ന ഭാരത് ബന്ദും അതിനെ തുടർന്ന് ഏപ്രിൽ ഒൻപതിന് നടന്ന കേരള ഹർത്താലും ഇത്തരത്തിലുണ്ടായതാണ്. സംഘ്പരിവാർ ഭീകരതയുടെ പ്രതികരണമായാണ് കേരളത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച് ഇത്തരമൊരു ഹർത്താൽ രൂപപ്പെടുന്നത്.
ഹർത്താലിൽ നിയമ വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ നിലവിലുള്ള നിയമങ്ങളനുസരിച്ച തന്നെ പോലീസിന് സമീപിക്കാമെന്നിരിക്കേ വളരെ ദുരുദ്ദേശ്യത്തോടെയാണ് പോലീസ് ന്യൂനപക്ഷ വേട്ട നടത്തുന്നത്. ഇതിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പോലീസ് ക്ലിയറൻസ് നിഷേധിക്കും എന്ന ആഭ്യന്തര വകുപ്പിന്റെ നിലപാടും മതസ്പർദ്ദ വളർത്തുന്നു എന്ന തരത്തിലുള്ള കേസുകളെടുക്കുന്നതും സംഘ്പരിവാർ സ്വീകിരക്കുന്നതിന് സമാനമായ നിലപാട് ഇടതു സർക്കാരും സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.
അറസ്റ്റും വേട്ടയും വഴി ഗുരുതരമായ സാമൂഹ്യ ധ്രുവീകരണം നടത്താൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുകയാണ്. ഇതിന്റെ നേട്ടം സംഘ്പരിവാറിനാണെന്നിരിക്കേ സി.പിഎമ്മും ഇടതുപക്ഷവും അവർക്കും സംസ്ഥാനത്തിനും ഗുരുതരമായ ദോഷമുണ്ടാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.