Sorry, you need to enable JavaScript to visit this website.

സി.പി.എം ആരോപണം ദുരുദ്ദേശ്യപരം -ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്

മലപ്പുറം- സാമൂഹിക മാധ്യമ ഹർത്താലിന്റെ മറവിൽ താനൂരിലും പരിസരങ്ങളിലും അടച്ചിട്ട കടകളടക്കം ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ജമാഅത്തെ ഇസ്ലാമിയുടെ തലയിൽ കെട്ടിവെക്കാനുള്ള സി.പി.എം തന്ത്രം പ്രബുദ്ധ ജനതയുടെ മുമ്പിൽ വിലപ്പോകുന്നതല്ലെന്നും ദുരുദ്ദേശ്യപരമാണെന്നും ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. 
ജില്ലയുടെ സാമുദായികാന്തരീക്ഷം മതരാഷ്ട്രീയ താൽപര്യങ്ങളാൽ വിഷലിപ്തമാക്കപ്പെടുമെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം ഉണർന്നു പ്രവർത്തിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സംഘടനയുടെ ഒരു പ്രവർത്തകൻ പോലും വിധ്വംസക വർഗീയ കലാപ പ്രവർത്തനങ്ങളിൽ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ കഴിയുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. 
കൊലയുടെയും കലാപ പരമ്പരകളുടെയും പാരമ്പര്യം മാത്രമുള്ള സി.പി.എം ജമാഅത്തെ ഇസ്ലാമിയെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. ഹർത്താൽ അക്രമ സംഭവങ്ങളിൽ ഇപ്പോൾ അറസ്റ്റു ചെയ്യപ്പെട്ടവരിൽ പലരും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആണെന്ന യാഥാർഥ്യത്തെ ഇത്തരം വ്യാജ ആരോപണങ്ങളാൽ മറച്ചുവെക്കാൻ സി.പി.എമ്മിനാകില്ല.  ജില്ലയിലെ സി.പി.എം നേതാക്കൾക്ക് ഇക്കാര്യം അറിയില്ലെങ്കിൽ സി.പി.എം ഏരിയാ സെക്രട്ടറി ജയനോടും താനൂർ എം.എൽ.എ വി. അബ്ദുറഹ്മാനോടും അന്വേഷിക്കണമായിരുന്നുവെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു.  ഹബീബ് ജഹാൻ, മുസ്തഫാ ഹുസൈൻ, ഡോ. അബ്ദുനാസർ കുരിക്കൾ എന്നിവർ പ്രസംഗിച്ചു. 

Latest News