തൃശൂർ - തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ സംഘടനകൾക്കെതിരേ യുവാക്കൾ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീതി സാഹിബ് അക്കാദമിയ എന്ന പേരിൽ തുടങ്ങുന്ന രാഷ്ട്രീയ പഠനസംരംഭം തൃശൂർ റീജണൽ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരക്കാർക്ക് ബുദ്ധി ഉപദേശിക്കുന്നതും അതിനുള്ള ചെലവു വഹിക്കുന്നതും ബി.ജെ.പിയാണ് എന്നു വരെ ചർച്ചയുണ്ട്. ഒന്നും അസംഭവ്യം അല്ല ഈ രാജ്യത്ത്. എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി വർഗീയവത്കരിച്ചു. എല്ലാം വർഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നവർ ധാരാളമുണ്ട്. യുവാക്കൾ നിൽക്കേണ്ടത് യൂത്ത് ലീഗ് പറഞ്ഞിടത്താണ്. അവിടെനിന്നും വഴിതെറ്റി പോകാൻ പാടില്ല. അവനവനു തോന്നിയത് ഒക്കെ നിയമമാക്കിയാൽ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകും; വായിൽ തോന്നിയതു മുഴുവൻ കോതയ്ക്കു പാട്ടാകും. അവസാനം ചെന്നെത്തുന്നത് എവിടെയെന്ന് പറയാൻ പറ്റില്ല. അങ്ങനെ ഒരു സമൂഹം നമുക്കു വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരാൻ ഇപ്പോൾ എല്ലാ സാധ്യതകളുമുണ്ട്. പക്ഷേ ഒരു ഭീഷണിയുണ്ട്. ചില മുസ്‌ലിം ന്യൂനപക്ഷ സംഘടനകൾ രാഹുൽ ഗാന്ധിയുടെ കൂടെയുണ്ട് എന്ന് കേൾക്കുന്നുണ്ട്.
നോമിനേഷൻ കൊടുത്ത ശേഷം അവിടെ ചെന്ന് തീവ്രവാദ പ്രസംഗം നടത്തും. കുറച്ചുവോട്ട് വഴിമാറ്റി കൊടുക്കും. അതോടെ ബി.ജെ.പിക്ക് ജയം എളുപ്പമാകും. ഇരുകൂട്ടർക്കും ലാഭം. അതാണ് ഇതിന്റെ പിന്നിൽ നടക്കുന്നത്. ഇവിടെയും ഒരു സർക്കാരുണ്ട്. ഇതൊന്നും അറിയില്ല. ഇപ്പോൾ ഭരിക്കുന്ന ആളുകളുടെ യുക്തി അത്ര നല്ലതൊന്നുമല്ല. ബാബ്‌രി മസ്ജിദ് പ്രശ്‌നക്കാലത്ത് ഈ വക കാര്യങ്ങളെയെല്ലാം പ്രോത്സാഹിപ്പിച്ചവരാണ് ഇന്ന് അധികാരത്തിൽ ഇരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസത്തെ വ്യാജ ഹർത്താൽ ദിവസം തിരക്കിലായ പല ഓഫീസുകളും ഉണ്ട്. അതിൽ 'അപ്പുറത്തെയും ഇപ്പുറത്തെയും' ഓഫീസുകളുണ്ട്. ഇതിന്റെ ലാഭം കൊയ്യാൻ കാത്തിരിക്കുന്നവർ ആരൊക്കെയാണെന്ന് ഊഹിച്ചാൽ പിടികിട്ടും. എല്ലാം ഒറ്റക്കൊറ്റയ്ക്ക് വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം വെറുപ്പിന്റെ രാഷ്ട്രീയമായി മാറ്റുന്നതിന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുഷ്ടലാക്കുള്ള മനസ്സുകൾ തീക്കൊളുത്തിവെച്ചിട്ടുള്ള പ്രകോപനപരമായ സാഹചര്യങ്ങളെ നമ്മൾ വിവേകത്തോടെ കാണേണ്ടതുണ്ട്. പല തീവ്രവാദ പ്രസ്ഥാനങ്ങളും മുന്നോട്ടുവെയ്ക്കുന്ന അതിവൈകാരികതയെ മുളയിലേ നുള്ളുന്നതിനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സീതി സാഹിബ് അക്കാദമിയയുടെ ലോഞ്ചിംഗ് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ദിശ നിർണയിക്കുന്ന മാധ്യമങ്ങൾ, സീതി സാഹിബ് പഠനം എന്നീ വിഷയങ്ങളിൽ യഥാക്രമം പ്രമോദ് രാമൻ, പി.എ. റഷീദ് എന്നിവർ പ്രസംഗിച്ചു. പി. സുരേന്ദ്രൻ, പി.എം. സാദിഖലി, സി.കെ. സുബൈർ, കെ.എം. അൽത്താഫ്, പി.കെ. ഫിറോസ്, കെ.എസ്. ഹംസ, സി.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു.