തിരുവനന്തപുരം- അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ നടന്ന അതിക്രമങ്ങളെപ്പറ്റി എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിലെ എട്ട് ജില്ലകളിൽ വർഗീയ കലാപം അഴിച്ചു വിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന ഉത്തരമേഖലാ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇതേപ്പറ്റി മുൻകൂട്ടി അറിവുണ്ടായിട്ടും അക്രമികളെ തടയാനോ ഇതര മതസ്ഥരുടെ കടകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാനോ സാധിക്കാഞ്ഞതിന്റെ കാരണം മുഖ്യമന്ത്രി വിശദീകരിക്കണം. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പോലീസ് നിഷ്‌ക്രിയമാകാൻ കാരണം രാഷ്ട്രീയ സമ്മർദ്ദമാണ്. അക്രമികളിൽ പലരും സി.പി.എമ്മിൽ നുഴഞ്ഞുകയറിയ തീവ്രവാദികളാണ്. അതുകൊണ്ടാണ് അവരെ നിയന്ത്രിക്കാൻ പോലീസ് മടികാണിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ ധനസഹായം നൽകണം.
ബി.ജെ.പിയെ നേരിടാൻ ഇരുമുന്നണികളും തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം മലബാർ മേഖലയിൽ ഉണ്ടായ വർഗീയ കലാപത്തിന് മുഖ്യമന്ത്രി അടക്കമുള്ളവർ ഉത്തരവാദികളാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള നിലപാടാണ് മുഖ്യമന്ത്രിയും ചില മന്ത്രിമാരും പ്രതിപക്ഷ എം.എൽ.എമാരും സാംസ്‌കാരിക നായകരും സ്വീകരിച്ചത്. ഈ തീക്കളി അവസാനിപ്പിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.