കോഴിക്കോട്- കണ്ണൂര്‍ സര്‍വകലാശാല നിയമനത്തെ ന്യായീകരിച്ച പ്രിയ വര്‍ഗീസ് തന്റെ വിശദീകരണത്തില്‍ തിരുത്തലുകള്‍ നടത്തി. നിയമനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല റിസര്‍ച്ച് സ്‌കോര്‍ പരിശോധിച്ചിട്ടില്ലെന്ന മുന്‍ വിശദീകരണത്തില്‍ തിരുത്തലുമായിട്ടാണ് പ്രിയ വര്‍ഗീസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
ഫേയ്‌സ്ബുക്ക് പോസ്റ്റ്:
എന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സര്‍വ്വകലാശാല റിസര്‍ച് സ്‌കോര്‍ പരിശോധിച്ചിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു എന്ന വ്യാഖ്യാനവുമായിട്ടാണ് ഇന്നലെ ചാനല്‍ അവതാരങ്ങള്‍ അടുത്ത കാര്‍ഡ് ഇറക്കിയത്. എന്റെ പോസ്റ്റ് വായിച്ചവര്‍ക്ക് അറിയാം ഞാന്‍ പറഞ്ഞത്, 651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളില്‍ ഇറക്കുമതി ചെയ്ത റിസര്‍ച്ച് സ്‌കോര്‍ അവകാശവാദങ്ങള്‍ സര്‍വ്വകലാശാല ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ്. 'ആട് 'എന്നെഴുതിയാല്‍ 'പട്ടി ' എന്ന് വായിക്കുന്ന മാ.പ്രകളോട് പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചാനല്‍ അവതാരങ്ങളുടെ കപടഭാഷണങ്ങളും പരാതി പറച്ചിലും വളച്ചൊടിച്ച് ഒട്ടിക്കലും കണ്ട് വിഷമിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമാണ് ഈ എഴുത്ത്.
1. സര്‍വ്വകലാശാലാ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ആറു പേരുടെയും 75 പോയിന്റ് വരെയുള്ള അവകാശവാദങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 2018 യു. ജി. സി റെഗുലേഷന്‍ പ്രകാരം അതേ ചെയ്യേണ്ടതുമുള്ളൂ.
2. പരിശോധിച്ച പ്രബന്ധങ്ങള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടും ഉണ്ട്. അഭിമുഖ പരീക്ഷയില്‍ എന്നോട് അവ സംബന്ധിച്ച ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചതിന്റെ കൂടി വെളിച്ചത്തില്‍ ആണ് ഞാന്‍ ഇതു പറയുന്നത്.
3. എന്നാല്‍ 75 നു മുകളില്‍ അവകാശപ്പെട്ട സ്‌കോറിന്റെ കാര്യത്തില്‍ അത് ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ ഇന്നലത്തെ പോസ്റ്റില്‍ പറഞ്ഞത്.
4. ഒരു സെനറ്റ് മാഷ് ചാനലില്‍ വന്നിരുന്നു തള്ളിമറിക്കുന്നത് കേട്ടു, ഇന്റര്‍വ്യൂ മാര്‍ക്ക് നിര്‍ണയത്തിലെ റിസര്‍ച്ച്,പബ്ലിക്കേഷന്‍ എന്നീ കോമ്പോണന്റ്‌സ് മേല്‍പ്പറഞ്ഞ സ്‌കോര്‍ അവകാശവാദങ്ങളെ മുന്‍നിര്‍ത്തിയാണ് ഇടേണ്ടത് എന്ന്! ഈ മഹാന് എത്ര ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ വിഷയവിദഗ്ധനായി ഇരുന്ന പരിചയം ഉണ്ടെന്ന് ചാനല്‍ ചിങ്കങ്ങള്‍ ഒന്നും ഇയാളോട് ചോദിക്കും എന്ന് നമുക്ക് മോഹിക്കാന്‍ വയ്യല്ലോ. ഈ സെനറ്റ് ഏമാന്‍ പറയുന്ന പോലെ ആണെങ്കില്‍ ഈ രണ്ടു ഘടകങ്ങള്‍ക്ക് മാര്‍ക്കിടാന്‍ അഞ്ചെട്ടു പേരെ യൂണിവേഴ്‌സിറ്റി ടി. എ &ഡി. എ കൊടുത്തു കൊണ്ടുവരേണ്ട കാര്യമുണ്ടോ? നേരിട്ട് ഈ അവകാശവാദത്തിന്റെ ശതമാനക്കണ
ക്ക് എടുത്തു വെച്ച് അങ്ങ് മാര്‍ക്ക് കൊടുത്താല്‍ പോരെ? ഈ മഹാനൊക്കെ നാളെ വലതുപക്ഷ സര്‍ക്കാര്‍ വന്നാല്‍ വി.സി ആവുകയും ചെയ്യും. പരീക്ഷാ വിഭാഗത്തില്‍ മൊത്തം കമ്പ്യൂട്ടര്‍ മാത്രം മതി എന്നും അധ്യാപകര്‍ക്ക് പകരം ക്ലാസ് വീഡിയോകള്‍ പിള്ളേര്‍ക്ക് നല്ല കാശ് വാങ്ങി വിറ്റ് സര്‍വ്വകലാശാലക്ക് ലാഭമുണ്ടാക്കാം എന്ന് തീരുമാനിക്കുകയും ചെയ്യും. അത്രക്കുണ്ട് പരീക്ഷാ പ്രക്രിയയെക്കുറിച്ചും ബോധന ശാസ്ത്രത്തെക്കുറിച്ചും ഒക്കെ ധാരണ. ശിവനെ കാപ്പാത്ത് ????
5. റിസര്‍ച്ചും പബ്ലിക്കേഷനും ഒക്കെ പരിശോധിക്കാന്‍ എന്തിനാ ഒരു അഭിമുഖപരീക്ഷ? അവിടെയാണ് ഈ റിസര്‍ച്ച് സ്‌കോര്‍ അവകാശവാദങ്ങളെ കുറച്ചുകൂടി ആഴത്തില്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകത. 2016 റെഗുലേഷന്‍ മുതല്‍ക്കാണ് പി. എച്ച്. ഡി പ്രബന്ധം സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒരു പ്രസിദ്ധീകരണമെങ്കിലും വേണം തുടര്‍ന്ന്, അസി. പ്രൊഫസര്‍, അസോ. പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികളിലേക്കുള്ള എല്ലാ പ്രൊമോഷനുകള്‍ക്കും /നിയമനങ്ങള്‍ക്കും നിശ്ചിത എണ്ണം പ്രബന്ധങ്ങള്‍ വേണമെന്നും ഉള്ള നിഷ്‌കര്‍ഷ വരുന്നത്. യു. ജി. സി ചില നല്ല ഉദ്ദേശങ്ങളോടെ കൊണ്ടുവന്ന ഈ റെഗുലേഷന്‍ 'പ്രിഡേറ്ററി ജേര്‍ണലുകളുടെ കൊള്ളക്കും കാപട്യത്തിനും കൂടി കളമൊരുക്കി. രാജ്യത്തു തഴച്ചു വളര്‍ന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാര്‍മിക ച്യുതിയും എല്ലാം ചേര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. നിങ്ങളുടെ പ്രൊമോഷന്‍ വര്‍ഷം മുന്‍കൂട്ടി പറഞ്ഞു പൈസ ഏല്പിച്ചാല്‍ പ്രസിദ്ധീകരണങ്ങളും സെമിനാര്‍ അവതരണങ്ങളും എന്തിന് അവാര്‍ഡ് ഉള്‍പ്പടെ റെഡിയാക്കി തരുന്ന സ്വകാര്യ കണ്‍സല്‍ട്ടന്‍സികള്‍ രംഗത്ത് വന്നു. ഇതിന്റെ ഇരകളായത് യഥാര്‍ത്ഥമായി പണിയെടുത്ത പാവം ഗവേഷകരായിരുന്നു. അവര്‍ കഷ്ടപ്പെട്ട് ഒരു വര്‍ഷം അധ്വാനിച്ച് ഒരു ഗവേഷണപ്രബന്ധവുമായി പോകുമ്പോള്‍ കണ്‍സല്‍റ്റന്‍സി വക 10 എണ്ണവുമായി ചില അവതാരങ്ങള്‍ വരും. മണ്ണും ചാരി നിന്നവന്‍..... എന്നൊക്കെ പറയും പോലെ അങ്ങ് കൊണ്ടുപോകും. ഗവേഷണ വിദ്യാര്‍ഥികളുടെ അധ്വാനത്തിന്റെ പങ്ക് ഉളുപ്പില്ലാതെ ചൂഷണം ചെയ്യുന്ന ഗൈഡുമാരും ലേഖനസമാഹരണം എന്ന പേരില്‍ സ്‌കോര്‍ കൂട്ടുന്ന പരസ്പര സഹായ സഹകരണ സംഘങ്ങളും ഒക്കെയായി വ്യാജന്മാരുടെ പെരുപ്പം വല്ലാതെ കൂടിയപ്പോഴാണ് 2018 റെഗുലേഷനില്‍ യു. ജി. സി പറഞ്ഞത് നിങ്ങള്‍ അധികം പെരുപ്പിച്ചുകൊണ്ടിങ്ങു വരണ്ട, ഒരു മിനിമം ലെവലില്‍ ഒക്കെ മതി എന്ന്. റിസര്‍ച് സ്‌കോര്‍ ചുരുക്കപ്പട്ടിക തയ്യാര്‍ ചെയ്യാന്‍ മാത്രം പരിഗണിച്ചാല്‍ മതി. റാങ്ക് പട്ടിക അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം മതി എന്ന യു. ജി. സി റെഗുലേഷന്‍ വരാനുണ്ടായ ചരിത്ര പശ്ചാത്തലം ഇതാണ്. ഇതൊന്നും മനസ്സിലാക്കാതെ ഭാര്യമാരെ തിരുകി കയറ്റാന്‍ ഉള്ള സൂത്രം എന്നൊക്കെ വിപ്ലവ വിടുവായത്തം പറയുന്നവരെക്കുറിച്ച് എന്ത് പറയട്ടെ ????. അല്ലെങ്കിലും ആകാശത്തിന് കീഴില്‍ സകല വിഷയങ്ങളെക്കുറിച്ചും ഞാന്‍ ആധികാരികമായി അഭിപ്രായം പറയാം എന്ന് അവകാശപ്പെടുന്ന ചില പട്ടക്കാരെയും പ്രഭുക്കന്മാരെയും നായകരെയും ഒക്കെ ചുമന്ന് നടക്കാന്‍ ഇപ്പോഴും ഇവിടെ ആളുണ്ടെന്നതാണല്ലോ നമ്മുടെ സാംസ്‌കാരിക രംഗത്തെ ദുര്‍ഗന്ധത്തിന് പ്രധാന കാരണം.