കൊച്ചി- സാഹിത്യകാരന്‍ ടി. പദ്മനാഭന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. ടി. പദ്മനാഭന്റെ സ്ത്രീവിരുദ്ധ അശ്ലീലഭാഷണങ്ങള്‍ കുറേക്കാലമായി കേള്‍ക്കാറില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ നാവില്‍ സരസ്വതീ വിളയാട്ടം തെറിയും അസംബന്ധവുമായിട്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സാറാ ജോസഫ് വിമര്‍ശിച്ചു.
ടി. പദ്മനാഭന്റെ സ്ത്രീവിരുദ്ധ അശ്ലീലഭാഷണങ്ങള്‍ കുറേക്കാലമായിട്ട് കേള്‍ക്കാറില്ലായിരുന്നു. പെണ്ണുങ്ങള്‍ക്ക് മുള്ളുവേലി കവച്ചു കടക്കാന്‍ സാധിക്കുമോ എന്ന് വെല്ലുവിളിച്ച മഹാനാണ്. അങ്ങോരുടെ നാവില്‍ സരസ്വതീവിളയാട്ടം തെറിയും അസംബന്ധവുമായിട്ടാണ്. എന്തു ചെയ്യാന്‍- സാറാ ജോസഫ് കുറിച്ചു.
സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്നും മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നുമായിരുന്നു ടി. പദ്മനാഭന്റെ വിവാദ പരാമര്‍ശം. സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പ്പന കൂടും. ഉത്തമ സാഹിത്യകൃതികള്‍ വാങ്ങാന്‍ ആളില്ലെന്നും അശ്ലീലസാഹിത്യം വൈകാതെ ചവറ്റുകൊട്ടയില്‍ വീഴുമെന്നും ടി. പദ്മനാഭന്‍ പറഞ്ഞിരുന്നു.
രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും പ്രസ്താവന പിന്‍വലിച്ച് ടി. പദ്മനാഭന്‍ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നേരത്തെ പ്രതികരിച്ചിരുന്നു.