Sorry, you need to enable JavaScript to visit this website.

ജബലുന്നൂർ സന്ദർശനം ടൂർ പാക്കേജിൽ  ഉൾപ്പെടുത്തരുതെന്ന് ഹജ് മന്ത്രാലയം

റിയാദ്- മക്കയിലെ ചരിത്രപ്രധാന സ്ഥലമായ ജബലുന്നൂർ സന്ദർശനം ടൂർ പാക്കേജിൽ ഉൾപ്പെടുത്തരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ടൂർ ഏജൻസികൾക്കയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു. ഇസ്‌ലാമികാശയങ്ങൾക്ക് വിരുദ്ധമായ ആചാരങ്ങൾ അനുവർത്തിക്കുന്നതിനാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലുമാണ് ടൂറിസ്റ്റുകളുമായി ജബലുന്നൂരിലേക്ക് വരരുതെന്ന് മന്ത്രാലയം സൗദിയിലെയും വിദേശങ്ങളിലെയും അംഗീകൃത ടൂർ ഏജൻസികൾക്ക് നിർദേശം നൽയിരിക്കുന്നത്. 
കഅ്ബയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ജബലുന്നൂറിന്റെ ഉച്ചിയിലാണ് മുഹമ്മദ് നബിക്ക് ദിവ്യബോധനം ലഭിച്ച ഹിറാ ഗുഹയുള്ളത്. ഹിറാ ഗുഹയിൽ ധ്യാനത്തിലിരുന്ന മുഹമ്മദ് നബിയുടെ അടുത്തെത്തിയ ജിബ്‌രീൽ എന്ന മലക്ക് ഇഖ്‌റഅ് എന്നു തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ ആദ്യ സൂക്തങ്ങൾ നബിയെ വായിച്ചു കേൾപ്പിച്ചത് ഇവിടെ വെച്ചാണ്. ഖുർആനിന്റെ അവതരണത്തിന് തുടക്കം കുറിച്ച സ്ഥലം എന്ന നിലക്കാണ് ജബലുന്നൂർ (പ്രകാശത്തിന്റെ പർവതം) എന്ന പേർ ഈ മലക്ക് ലഭിച്ചത്. മലമുകളിൽ മൂന്നര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമാണ് ഹിറാ ഗുഹക്കുള്ളത്. ഇവിടെ നമസ്‌കാരം പുണ്യമുള്ള കാര്യമാണെന്നതിന് തെളിവില്ല എന്ന് സൗദി സർക്കാർ ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചില രാജ്യക്കാർ ഇവിടെ നമസ്‌കരിക്കൽ പുണ്യമാണെന്ന് കരുതുന്നുണ്ട്. 
ജബലുന്നൂറിലെത്തുന്ന സന്ദർശകരിൽ ചിലർ പാറക്കെട്ടുകളിൽ നിന്ന് വീണ് മരണം വരെ സംഭവിക്കുന്നുണ്ടെന്നും ചിലർ ഇസ്‌ലാം അനുശാസിക്കാത്ത രീതിയിലുള്ള ആരാധനകർമങ്ങൾ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മക്ക ഗവർണറേറ്റും ഇസ്‌ലാമിക കാര്യ മന്ത്രാലയവും നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കുലർ പുറത്തിറക്കുന്നതെന്ന് മന്ത്രാലയം സെക്രട്ടറി ഡോ.അബ്ദുൽ അസീസ് ബിൻ അബ്ദുറഹീം വസ്സാൻ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾ ബന്ധപ്പെട്ട സമിതിയുടെ ശ്രദ്ധയിൽ പെട്ടാൽ ടൂർ കമ്പനികൾ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും സർക്കുലറിലുണ്ട്. ഹജ് മന്ത്രി, മദീന, മക്ക, ജിദ്ദ ഹജ്, ഉംറ മന്ത്രാലയ സമിതികൾക്കും സർക്കുലറിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
 

Latest News