ന്യൂദൽഹി- അനാവശ്യമായ രാഷ്ട്രീയ ഇടപെടൽ കാരണം ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷ(എ.ഐ.എഫ്.എഫ്)നെ ഫിഫ സസ്‌പെന്റ് ചെയ്തു. ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിലുള്ള തീരുമാനമാണ് ഫിഫ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ചേർന്ന ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് അനിശ്ചിതത്വത്തിലായി.
ഇന്ത്യൻ സുപ്രീം കോടതി ഇക്കഴിഞ്ഞ മെയിൽ എ.ഐ.എഫ്.എഫ് പിരിച്ചുവിടുകയും കായികരംഗം നിയന്ത്രിക്കാനും ഫെഡറേഷന്റെ ഭരണഘടന ഭേദഗതി ചെയ്യാനും ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം 18 മാസമായി തീർപ്പുകൽപ്പിക്കാതെ കിടന്നിരുന്ന തെരഞ്ഞെടുപ്പ് നടത്താൻ മൂന്നംഗ സമിതിയെയും നിയോഗിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫിഫയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും എ.എഫ്.സി ജനറൽ സെക്രട്ടറി വിൻഡ്സർ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം എ.ഐ.എഫ്.എഫ് സംഘത്തെ കാണാൻ എത്തുകയും ചെയ്തിരുന്നു. ജൂലൈ അവസാനത്തോടെ എ.ഐ.എഫ്.എഫിന്റെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനും തുടർന്ന് സെപ്റ്റംബറോടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുമുള്ള തീരുമാനം എടുക്കുകയും ചെയ്തു. എന്നാൽ ഇത് പ്രാവർത്തികമായില്ല.
എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരം ഏറ്റെടുക്കാൻ അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കിയാൽ സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്ന് ഫിഫ വ്യക്തമാക്കി. ഫിഫ കൗൺസിൽ അംഗം പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള എ.ഐ.എഫ്.എഫിന്റെ തിരഞ്ഞെടുപ്പ് 2020 ഡിസംബറോടെ നടത്തേണ്ടതായിരുന്നുവെങ്കിലും ഭരണഘടന ഭേദഗതി ചെയ്തതിനാൽ അത് നടപ്പായില്ല.
ഇന്ത്യയിലെ യുവജനകാര്യ-കായിക മന്ത്രാലയവുമായി നിരന്തരമായ ക്രിയാത്മക ബന്ധത്തിലാണെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിഫയുടെ പ്രസ്താവനയിലുണ്ട്.
ഫിഫ ചട്ടങ്ങൾ അനുസരിച്ച്, അംഗ ഫെഡറേഷനുകൾ അതത് രാജ്യങ്ങളിലെ നിയമപരവും രാഷ്ട്രീയവുമായ ഇടപെടലുകളിൽ നിന്ന് മുക്തമായിരിക്കണം. സമാനമായ കേസുകളിൽ മറ്റ് ദേശീയ അസോസിയേഷനുകളെ ഫിഫ മുമ്പ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.