Sorry, you need to enable JavaScript to visit this website.

ജയ്പുർ കീഴടക്കി കൊൽക്കത്ത മുന്നിൽ

ജയ്പുർ- രാജസ്ഥാൻ റോയൽസിന്റെ കീഴടക്കാനാവാത്ത കോട്ടയായി കരുതപ്പെട്ട ജയ്പൂരിൽ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിട്ടു. മൂന്നു കളികളും ജയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ആറ് പോയന്റായി കൊൽക്കത്തക്ക്. കൊൽക്കത്തയുടെ അഞ്ചാം മത്സരമാണ് ഇത്. സ്‌കോർ: രാജസ്ഥാൻ എട്ടിന് 160, കൊൽക്കത്ത 18.5 ഓവറിൽ മൂന്നിന് 163.
ക്യാപ്റ്റൻ അജിൻക്യ രഹാനെ (19 പന്തിൽ 36) ഫോമിലായിരുന്നുവെങ്കിലും ഒരു ഘട്ടത്തിലും രാജസ്ഥാന് ഒഴുക്കോടെ സ്‌കോർ ചെയ്യാനായില്ല. ഓപണിംഗ് കൂട്ടാളി ഡിആർസി ഷോട് (43 പന്തിൽ 44) മാത്രമേ കാര്യമായി സ്‌കോർ ചെയ്തുള്ളൂ. പക്ഷെ ഷോട് ഉടനീളം പരുങ്ങി. കഴിഞ്ഞ കളിയിലെ ഹീറോ സഞ്ജു സാംസണിനെ (7) തുടക്കത്തിൽ തന്നെ യുവ പെയ്‌സ്ബൗളർ ശിവം മാവി പുറത്താക്കി. സ്പിന്നർ സുനിൽ നരേൻ 48 റൺസ് വഴങ്ങിയതു മാത്രമാണ് കൊൽക്കത്തയുടെ നിരാശ. എന്നാൽ ഫോമിലുള്ള നിതീഷ് റാണ ഓപണർമാരായ രഹാനെയെയും ഷോടിനെയും പുറത്താക്കി. വിക്കറ്റിനു പിന്നിൽ ദിനേശിന്റെ മികച്ച പ്രകടനമാണ് രഹാനെയെ പുറത്താക്കി ബ്രെയ്ക്ത്രൂ നേടാൻ കൊൽക്കത്തയെ സഹായിച്ചത്. ടോം കറൺ രണ്ടു വിക്കറ്റോടെ വാലറ്റത്തെ ഒതുക്കി.
കൊൽക്കത്ത മറുപടിയാരംഭിച്ചപ്പോൾ ക്രിസ് ലിന്നിനെ (0) മൂന്നാമത്തെ പന്തിൽ പുറത്താക്കി കെ. ഗൗതം രാജസ്ഥാന് പ്രതീക്ഷ നൽകിയതായിരുന്നു. എന്നാൽ സുനിൽ നരേനും (25 പന്തിൽ 35) റോബിൻ ഉത്തപ്പയും (36 പന്തിൽ 48) കൊൽക്കത്ത ഇന്നിംഗ്‌സ് പാളത്തിൽ കയറ്റി. പിന്നീട് നിതീഷ് രാണയും ക്യാപ്റ്റൻ ദിനേശ് കാർത്തികും ടീമിനെ വിജയത്തിലേക്ക് നയിച്ചു. രാജസ്ഥാന്റെ മികച്ച ബൗളറായിരുന്ന ബെൻ ലാഫ്‌ലിനെ സിക്‌സറിനുയർത്തിയാണ് ദിനേശ് വിജയ റൺസ് നേടിയത്. 
സ്പിന്നർമാരായ പിയൂഷ് ചൗളയും കുൽദീപ് യാദവും രാജസ്ഥാനെ തുടക്കം മുതൽ വരിഞ്ഞുകെട്ടി. പകരം വന്ന സുനിൽ നരേന്റെ ആദ്യ നാലു പന്തുകളും ബൗണ്ടറി കടത്തി രഹാനെ തിരിച്ചടിക്കാൻ ശ്രമിച്ചു. അണ്ടർ-19 ലോകകപ്പ് ജേതാവ് മാവിയെയും സിക്‌സറോടെ രഹാനെ സ്വീകരിച്ചു. എന്നാൽ 54 റൺസ് കൂട്ടുകെട്ടിന് വിരാമമിട്ട് രഹാനെ പുറത്തായതോടെ രാജസ്ഥാന്റെ തകർച്ചയാരംഭിച്ചു. കഴിഞ്ഞ കളിയിൽ 45 പന്തിൽ 92 റൺസടിച്ച സഞ്ജു മിഡ്‌വിക്കറ്റിനു മുകളിലൂടെ മാവിയെ ഉയർത്താനുള്ള ശ്രമത്തിൽ പിടികൊടുത്തു. മാവിയെ സിക്‌സറിനും ബൗണ്ടറിക്കും പായിച്ച് താളം കണ്ടെത്താൻ ശ്രമിക്കുമ്പോഴേക്കും ഷോടും പുറത്തേക്കുള്ള വഴി കണ്ടു. രാഹുൽ ത്രിപാഠി (15), ബെൻ സ്റ്റോക്‌സ് (14) എന്നിവരും വന്ന വഴി മടങ്ങി. ജോസ് ബട്‌ലറാണ് (18 പന്തിൽ 24 നോട്ടൗട്ട്) സ്‌കോറിന് അൽപം മാന്യത നൽകിയത്.

Latest News