തിരുവനന്തപുരം- സ്ത്രീ അശ്ലീലമെഴുതിയാല്‍ കൂടുതല്‍ വിറ്റഴിയുമെന്ന പരാമര്‍ശത്തില്‍ കഥാകൃത്ത് ടി. പത്മനാഭനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. അദ്ദേഹത്തിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കുന്നതാണെന്നും ലൂസി കളപ്പുര പറഞ്ഞു.
അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ലജ്ജ തോന്നുന്നു. ഇത്തരം വീക്ഷണം പുലര്‍ത്തുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍നിന്ന് ഇത് പ്രതീക്ഷിച്ചതല്ല എന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ടി. പത്മനാഭന്റെ വിവാദ പ്രസ്താവന. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പന ഉള്ളത് എന്നായിരുന്നു കഥാകൃത്ത് പറഞ്ഞത്. മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കഥാകൃത്തിന്റെ പരാമര്‍ശങ്ങള്‍.
'ഇത് ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചിലവാണ്.
അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റര്‍ എന്ന ആ പേരുംകൂടി ചേര്‍ക്കണം. അപ്പോള്‍ ഒന്നും കൂടി വില്പന വര്‍ധിക്കും. ഇനി ഒബ്‌സീനും വള്‍ഗറുമായ പുസ്തകമല്ല എങ്കില്‍ സെന്‍സേഷണല്‍ പുസ്തകമായി കാണണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.