സാവൊപൗളൊ- മെയ് 17 വരെയെങ്കിലും തന്റെ തിരിച്ചുവരവ് നീളുമെന്ന് പരിക്കു കാരണം വിശ്രമിക്കുന്ന ബ്രസീൽ സ്‌ട്രൈക്കർ നെയ്മാർ. മെയ് 17 നാണ് നെയ്മാറിന്റെ കാലിൽ അവസാന വൈദ്യ പരിശോധന. ഈ സീസണിൽ പി.എസ്.ജിക്കായി നെയ്മാർ കളിക്കാൻ സാധ്യത കുറവാണ്. ഫ്രഞ്ച് ലീഗ് കിരീടമുറപ്പാക്കിയ പി.എസ്.ജിയുടെ അവസാന മത്സരം മെയ് 19 നാണ്.
ലോകകപ്പിൽ നവോന്മേഷത്തോടെ കളിക്കാൻ ഇത് നെയ്മാറിന് സാഹചര്യമൊരുക്കും. ജൂൺ 14 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ബ്രസീലിന്റെ ആദ്യ മത്സരം ജൂൺ 17 ന് സ്വിറ്റ്‌സർലന്റിനെതിരെയാണ്. മെയ് 21 ന് ബ്രസീലിന്റെ പരിശീലനം ആരംഭിക്കും. ലോകകപ്പിനൊരുങ്ങാൻ തനിക്ക് ആവശ്യത്തിന് സമയമുണ്ടാവുമെന്ന് ഇരുപത്താറുകാരൻ പറഞ്ഞു. ആവശ്യത്തിന് വിശ്രമം കിട്ടിയതിനാൽ മുമ്പത്തെക്കാൾ കരുത്തോടെ കളിക്കാനാവുമെന്നും നെയ്മാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫ്രഞ്ച് ലീഗിൽ മാഴ്‌സെക്കെതിരായ കളിയിൽ ഫെബ്രുവരി 25 നാണ് നെയ്മാറിന്റെ വലതു കാൽപാദത്തിൽ എല്ലു പൊട്ടിയത്. നാട്ടിൽ തിരിച്ചെത്തി മാർച്ച് മൂന്നിന് ബ്രസീലിന്റെ ദേശീയ ടീം ഡോക്ടർ റോഡ്രിഗൊ ലസ്മാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. രണ്ടര മാസം വിശ്രമം വേണമെന്നായിരുന്നു ലസ്മാർ നിർദേശിച്ചത്.
നെയ്മാറിന്റെ അഭാവത്തിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പി.എസ്.ജി പുറത്തായി. പ്രി ക്വാർട്ടറിൽ റയൽ മഡ്രീഡിനോട് തോറ്റു.
ലോകകപ്പിൽ അവസാനമായി ബ്രസീൽ കളിച്ചത് നെയ്മാർ ഇല്ലാതെയാണ്. ബ്രസീലിൽ നടന്ന ലോകകപ്പിൽ പരിക്കേറ്റ് നെയ്മാർ വിട്ടുനിന്ന സെമിയിൽ ജർമനിക്കെതിരെ ബ്രസീൽ 1-7 ന് നാണം കെട്ടു. ഇത്തവണ സെർബിയ, കോസ്റ്ററീക്ക ടീമുകൾ കൂടി ഉൾപെടുന്ന ഗ്രൂപ്പിലാണ്.
പോക്കറും വീഡിയൊ ഗെയിമുകളും കളിച്ചാണ് സമയം പോക്കുന്നതെന്ന് നെയ്മാർ വെളിപ്പെടുത്തി. ജീവിതത്തിലെ ആദ്യ ശസ്ത്രക്രിയ ആയതിനാൽ തിരിച്ചുവരവിന്റെ കാര്യത്തിൽ സ്വാഭാവികമായ ആശങ്കയുണ്ട്. താനില്ലാതെ പി.എസ്.ജി ഫ്രഞ്ച് ലീഗ് കിരീടം നേടുന്നത് കണ്ടപ്പോൾ പ്രയാസം തോന്നിയെന്നും സ്‌ട്രൈക്കർ പറഞ്ഞു.