Sorry, you need to enable JavaScript to visit this website.

ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് തൽക്ഷണ വിസ

റിയാദ് - ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കുകയും തൊഴിൽ നിയമങ്ങൾ പൂർണമായും പാലിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഖിവാ പ്ലാറ്റ്‌ഫോം വഴി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തൽക്ഷണം വിസകൾ അനുവദിക്കുന്നു. ഇതിന് രേഖകൾ സമർക്കുകയോ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖയെ നേരിട്ട് സമീപിക്കുകയോ വേണ്ടതില്ല. താൽക്കാലിക തൊഴിൽ വിസകളും ഖിവാ പ്ലാറ്റ്‌ഫോം വഴി അനുവദിക്കുന്നുണ്ട്. താൽക്കാലിക തൊഴിൽ വിസകളിൽ രാജ്യത്തെത്തുന്നവർക്ക് മൂന്നു മാസം സൗദിയിൽ താമസിച്ച് ജോലി ചെയ്യാൻ കഴിയും. താൽക്കാലിക തൊഴിൽ വിസകളിലെത്തുന്നവർ ഇഖാമയും വർക്ക് പെർമിറ്റും നേടേണ്ടതില്ല. ഇത്തരക്കാരുടെ വിസാ കാലാവധി മൂന്നു മാസത്തേക്കു കൂടി ദീർഘിപ്പിക്കാനും സാധിക്കും. 
സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിന് സമർപ്പിക്കൽ അടക്കം ഏതാനും നടപടികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന സൗദിവൽക്കരണ സർട്ടിഫിക്കറ്റുകളും ഖിവാ പ്ലാറ്റ്‌ഫോം വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നു. വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, പ്രൊഫഷൻ മാറ്റം എന്നീ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോം നൽകുന്നു. ഇവയടക്കം നിരവധി സേവനങ്ങൾ ഖിവാ പ്ലാറ്റ്‌ഫോം വഴി നൽകുന്നുണ്ട്. 
920000105 എന്ന ഏകീകൃത നമ്പർ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഖിവാ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്താൻ സാധിക്കും. ട്വിറ്റർ വഴിയും ഖിവാ പ്ലാറ്റ്‌ഫോം ടെക്‌നിക്കൽ സംഘവുമായി ഉപയോക്താക്കൾക്ക് ആശയവിനിയമം നടത്താനും സംശയനിവാരണത്തിനും കഴിയും. 
ഡിജിറ്റൽ പരിവർത്തനം ശക്തമാക്കാനും ബന്ധപ്പെട്ട മുഴുവൻ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും നടപടിക്രമങ്ങൾ എളുപ്പമാക്കാനും ശ്രമിച്ചാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഖിവാ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന മുഴുവൻ സേവനങ്ങൾക്കുമുള്ള സംയോജിതവും ഏകീകൃതവുമായ പ്ലാറ്റ്‌ഫോം എന്നോണം 2022 ഏപ്രിൽ 23 ന് ആണ് ഖിവാ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
 

Latest News