മലപ്പുറം- ഉത്തർപ്രദേശിലെ ഹാത്രസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെ യു.പി പോലീസ് യു.എ.പി.എ ചുമത്തി യു.പി പോലീസ് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളുടെ പ്രസംഗം ശ്രദ്ധ നേടുന്നു.
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ, ഞാൻ മെഹനാസ് കാപ്പൻ. ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകൾ എന്ന് പറഞ്ഞുകൊണ്ടാണ് മെഹനാസ് പ്രസംഗം ആരംഭിച്ചത്. സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിലായിരുന്നു മെഹനാസിന്റെ പ്രസംഗം.
ഇന്ത്യാ മഹാരാജ്യം 75ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്ത് വെച്ച ഈ മഹത്തരമായ വേളയിൽ ഒരു ഭാരതീയൻ എന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും ഞാൻ പറയട്ടെ, ഭാരത് മാതാ കി ജയ്.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഭഗത് സിങിന്റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മാക്കളുടെയും വിപ്ലവ നായകരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാൻ സാധിച്ചതാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം. ഇന്ന് ഓരോ ഭാരതീയനും അവൻ എന്ത് സംസാരിക്കണം എന്ത് കഴിക്കണം ഏത് മതം തെരഞ്ഞെടുക്കണം- ഇതിനെല്ലാം ചോയ്സ് ഉണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇറങ്ങിപ്പോകാൻ പറയുന്നവരോട് എതിരിടാൻ ഓരോ ഭാരതീയനും അവകാശമുണ്ടെന്നും മെഹനാസ് കാപ്പൻ പ്രസംഗത്തിൽ വ്യക്തമാക്കി. നിരവധി പേരാണ് മെഹനാസിന്റെ പ്രസംഗം ഷെയർ ചെയ്യുന്നത്.