കോഴിക്കോട്- കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊലക്കേസ് പ്രതിയായ അന്തേവാസി ഇവിടെനിന്ന് ചാടിരക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യാകൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണിലാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന നിയമവിദ്യാര്‍ഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടത്തെത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെനിന്ന് അന്തേവാസി ചാടിപ്പോയിരുന്നു. 24 വയസുകാരനായ അന്തേവാസിയെ വളരെ വേഗം തന്നെ പിടികൂടി തിരികെ എത്തിക്കുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലായി അഞ്ചുപേരാണ് ഇവിടെ നിന്നും ചാടിപ്പോയിരുന്നു. ഇതില്‍ ഒരാളെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെല്ലിനുള്ളില്‍ ഒരു കൊലപാതകവും നടന്നു. സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി ജിയോ റാം ലോട്ട് കൊല്ലപ്പെട്ടിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായിരുന്നു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദത്തിലെ സുരക്ഷാ വീഴ്ചയില്‍ ഹൈക്കോടതിയുടെ ഇടപെട്ടിരുന്നു. മാനസികാരോഗ്യ കേന്ദത്തില്‍ എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നും എത്രയുംവേഗം നിയമനത്തിലെ പുരോഗതി അറിയിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
ജൂണ്‍ 16നാണ് പെരിന്തല്‍മണ്ണ ഏലംകുളത്ത് നിയമവിദ്യാര്‍ഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ഈ സമയം ദൃശ്യ മുറിയില്‍ ഉറങ്ങുക ആയിരുന്നു. ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛന്‍ രാജ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ. ഞങ്ങള്‍ നിലവിളി കേട്ട് വരുമ്പോള്‍ ദൃശ്യ ചോരയില്‍ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചില്‍ കുത്തേറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകള്‍ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവള്‍ ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അത് കൊണ്ട് പ്രതിരോധിക്കാന്‍. കഴിഞ്ഞു കാണില്ല '.
ദൃശ്യയുടെ അച്ഛന്‍ നടത്തിയിരുന്ന കടയ്ക്ക് തീവെച്ച ശേഷമാണ് വിനീഷ് കൊലപാതകം നടത്തിയത്. കട കത്തി നശിച്ചതിന്റെ സമ്മര്‍ദത്തില്‍ ആയിരുന്നു വീട്ടുകാര്‍. ദൃശ്യയും സഹോദരി ദേവി ശ്രീയും അമ്മയും മാത്രം ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇതെല്ലാം പ്രതി വിനീഷ് ആസൂത്രണം ചെയ്തത് ആയിരുന്നു എന്ന് കൊലപാതകം നടന്ന ശേഷമാണ് അറിയുന്നത്. കൊല്ലാന്‍ ഉറപ്പിച്ച് തന്നെ ആണ് പ്രതി ഇതെല്ലാം ചെയ്തത് എന്ന് പൊലീസ് പറഞ്ഞിരുന്നു. പ്ലസ് ടു മുതല്‍ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് പഠിച്ചത്.
ദൃശ്യ ഒറ്റപ്പാലത്ത് എല്‍എല്‍ബിക്ക് പഠിക്കുന്നതിനിടെ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പോലീസില്‍ ദൃശ്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റേത്. രണ്ട് സഹോദരന്മാര്‍ കൂടി ഉണ്ട്.