ദുബായ് - നിയമത്തർക്കത്തിൽപ്പെട്ട് യു.എ.ഇ തീരത്തുനിന്ന് 15 മൈലുകൾ അകലെ കടലിൽ ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനും ഉൾപ്പെടെ 16 നാവികരുമായി ചരക്കു കപ്പൽ ഒരു വർഷത്തോളമായി കുടുങ്ങിക്കിടക്കുന്നു. നിയമ തർക്കം മൂലം കരയ്ക്കടുപ്പിക്കാനാവാതെ കടലിൽ നങ്കൂരമിട്ടിരിക്കുന്ന എം.ടി സോയ വൺ എന്ന കപ്പലിലെ നാവികർക്ക് കഴിഞ്ഞ നാലുമാസമായി ശമ്പളവും ലഭിച്ചിട്ടില്ലെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നാവികരിൽ പലരുടേയും കരാർ കാലാവധിയും തീർന്നിട്ടുണ്ട്. ഒരു വർഷത്തോളമായി കടലിൽ ജീവിതം തള്ളി നീക്കുന്ന ഇവരുടെ പാസ്‌പോർട്ടുകളും നാവിക രേഖകളും 2017 ഒക്ടോബറിൽ യു.എ.ഇ കോസ്റ്റൽ അധികാരികൾ പിടിച്ചെടുത്തതിനാൽ ഇവർക്ക് കരയിലേക്കു വരാനും കഴിയില്ല. ഇ.സി.ബി ഇന്റർനാഷണൽ എൽ.എൽ.സി എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പാനമയിൽ രജിസ്റ്റർ ചെയ്തതാണ്. ഓറം ഷിപ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് കപ്പൽ. ഈ സ്ഥാപനവും കപ്പൽ ഉടമകളും തമ്മിലുള്ള തർക്കമാണ് ഒരു വർഷത്തോളമായി കപ്പലിനെയും നാവികരേയും തീരമണയാൻ അനുവദിക്കാതെ കടലിൽ കുടുക്കിയിട്ടിരിക്കുന്നത്.
തങ്ങളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ രണ്ടു കമ്പനികൾക്കും നാവികർ നിരവധി തവണ അപേക്ഷ അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല. മുടങ്ങിക്കിടക്കുന്ന ശമ്പളം എപ്പോഴാണ് നൽകുക എന്ന് നാവികൾക്ക് ഓറം ഷിപ് മാനേജ്‌മെന്റ് കമ്പനി ഒരു വിവരവും നൽകുന്നില്ല. കപ്പലുടമകളുമായി ബന്ധപ്പെടാൻ ശ്രമിച്ചു വരികയാണെന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഓറം അധികൃതർ പറയുന്നു. ജീവനക്കാരുടെ ശമ്പളം എത്രയും വേഗം നൽകാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇവർക്കാവശ്യമായ ഭക്ഷണങ്ങളും മറ്റു അവശ്യവസ്തുക്കളും പതിവായി നൽകി വരുന്നുണ്ട്.
ഇവരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്്. നാവികരുമായി കോൺസുലേറ്റ് അധികൃതർ ബന്ധപ്പെടുന്നുണ്ട്്. ഇവരുടെ വിഷയം യുഎഇ ഫെഡറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥ സുമതി വാസുദേവ് പറഞ്ഞു. ഏപ്രിൽ പത്തിനു പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് ഇവർക്ക് കപ്പൽ ഉടമകൾ ഉറപ്പു കൊടുത്തിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. കപ്പൽ ഉടമകളായ ഇ.സി.ബി ഇന്റർനാഷണലുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
മാസങ്ങളോളം കടലിൽ കുടുങ്ങിക്കിടക്കുന്ന നാവികർ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങൾ അനുഭവിക്കുന്നതിനു പുറമെ സാമ്പത്തിക പ്രയാസം മൂലം ഇവരുടെ കുടുംബങ്ങളും ദുരതിത്തിലാണെന്ന് കപ്പലിലെ ക്യാപ്റ്റൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ രണ്ടു പേർ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ ജയിലിലടക്കപ്പെട്ട പോലെ കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്ത്യക്കാരനായ കപ്പലിലെ ചീഫ് ഓഫീസർ ഓക്രം ബെർനൽ സിങ് പറയുന്നു. മൂന്നു നാലും മാസങ്ങൾ മാത്രം കാലാവധിയുള്ള പലരുടേയും കരാറുകളും അവസാനിച്ചിട്ട് മാസങ്ങളായി.