Sorry, you need to enable JavaScript to visit this website.

പ്രതിഷേധത്തിൽ വർഗീയത വേണ്ട

 എ.റഫീഖ്‌

വലിച്ചുപിടിച്ചിരിക്കുന്ന ഒരു റബർ ബാൻഡ് പോലെയാണ് പൊതുവിൽ ഇന്ത്യൻ സമൂഹത്തിന്റെ അവസ്ഥ. ഏത് സമയവും പൊട്ടാമെന്ന അവസ്ഥ. പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും സ്‌തോഭജനകമായ വാർത്ത ഓരോ ദിവസവും കേൾക്കേണ്ടിവരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ക്ഷോഭത്തിലാണ് ജനം. അവരുടെ മനസ്സ് പ്രതിഷേധത്തിൽ വലിഞ്ഞുമുറുകി നിൽക്കുകയാണ്. അതിനിടയിലാണ് ആ പ്രതിഷേധത്തെ വർഗീയമാക്കാനും ചിലരുടേത് മാത്രമാക്കി ചെറുതാക്കാനുമുള്ള ശ്രമം ചില കോണുകളിൽനിന്ന് ഉയരുന്നത്.
ഇന്ത്യ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയങ്ങൾ ജമ്മു കശ്മീരിലെ കതുവയിൽ ആസിഫ എന്ന എട്ടു വയസ്സുകാരി ദിവസങ്ങൾ നീണ്ട പീഡനങ്ങൾക്കും ക്രൂര  ബലാത്സംഗത്തിനും ശേഷം കൊല്ലപ്പെട്ട സംഭവവും ഉത്തർ പ്രദേശിലെ ഉന്നാവിൽ ദളിത് പെൺകുട്ടി, തന്നെ ബി.ജെ.പി എം.എൽ.എ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ്. രണ്ടും രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവങ്ങൾ. അതുകൊണ്ടു തന്നെ ജനമനസ്സിൽ രോഷം നുരഞ്ഞുപൊന്തുന്നു. രണ്ട് സംഭവങ്ങളിലും പ്രതികൾ ബി.ജെ.പി നേതാക്കളോ, സംഘപരിവാർ പ്രവർത്തകരോ ആയതിനാൽ ജനരോഷം അവർക്കു നേരേയാണ്. ബി.ജെ.പി നേതാക്കളും അണികളിൽ ചിലരും ന്യായീകരണവുമായി രംഗത്തു വരുന്നുണ്ടെങ്കിലും രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിൽ പ്രതിഷേധ തീ കത്തുകയാണ്. ദൽഹിയിലും മുംബൈയിലും കൊൽക്കത്തയിലും അഹമ്മദാബാദിലും ഇതര നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പ്രതിഷേധ പ്രകടനങ്ങൾ അതിന്റെ തെളിവായി. പ്രവാസ ലോകത്തും പ്രതിഷേധത്തിന്റെ അനുരണനങ്ങൾ കണ്ടു.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ, മത സാമൂഹ്യ സംഘടനകളോ മുൻകയ്യെടുത്തല്ല ഇത്തരമൊരു വ്യാപക പ്രതിഷേധം രാജ്യത്ത് ഉയർന്നത്. ദൽഹിയിലെ ഇന്ത്യാ ഗേറ്റിനു മുന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അർധരാത്രി മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിന് നേതൃത്വം നൽകിയെന്നതു ശരി തന്നെ. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തവരെല്ലാം കോൺഗ്രസുകാരായിരുന്നില്ല. ഈ സംഭവങ്ങളിലെ ഇരകൾ മുസ്‌ലിമും ദളിതും ആയിരുന്നു എന്നതിന്റെ പേരിൽ ആ വിഭാഗങ്ങളിൽ പെട്ടവർ മാത്രമായിരുന്നില്ല തെരുവിലിറങ്ങിയത്. യു.എന്നിൽ പോലും രാജ്യത്തിന് നാണക്കേടായി മാറിയ സംഭവങ്ങളുടെ പേരിൽ രാജ്യത്തെ സാധാരണക്കാരൻ ഉള്ളിൽ കത്തിയ രോഷവുമായി പ്രതികരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും ഇത്രയേറെ പ്രതിരോധത്തിലായ ഒരു സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നു തന്നെ പറയാം.
എന്നാൽ ഇങ്ങനെ പൊതു സമൂഹം ഏറ്റെടുത്ത ഒരു പ്രതിഷേധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഹർത്താലും അതിന്റെ പേരിൽ നടന്ന അക്രമങ്ങളും വിപരീത ഫലമാണുണ്ടാക്കിയതെന്ന് പറയാതെ വയ്യ. ഒരു മുന്നറിയിപ്പുമില്ലാതെ, ഏതെങ്കിലുമൊരു സംഘടനയുടെ ആഹ്വാനമില്ലാത്ത ഒരു ഹർത്താൽ. കേട്ടുകേൾവിയില്ലാത്ത ഒരു സംഭവമാണിത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നത്രേ ഹർത്താൽ ആഹ്വാനം. അതു തന്നെ ഒരു ഗൂഢതന്ത്രമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ലാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുക. അങ്ങനെ, അതുവരെ തങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന ജനങ്ങളെക്കൊണ്ട് മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുക.
മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോവുന്നതോ, മനഃപൂർവം അവഗണിക്കുന്നതോ ആയ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ സമൂഹം ചർച്ച ചെയ്യുകയും പരിഹാരമുണ്ടാക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. പല പ്രതിഷേധങ്ങൾക്കും സോഷ്യൽ മീഡിയ വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ അത്തരത്തിൽ സോഷ്യൽ മീഡിയ ഇടപെട്ട് വൻ പ്രതിഷേധം സംഘടിപ്പിച്ച് ലോക ശ്രദ്ധയാകർഷിച്ച സംഭവം ദൽഹിയിലെ നിർഭയ കൊലപാതകമായിരുന്നു. കേരളത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നീതിക്കായി സമരം ചെയ്ത ശ്രീജിത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ രംഗത്തു വന്നതും വലിയ ചലനമുണ്ടാക്കി. പക്ഷേ, ഒരു ഹർത്താൽ നടത്താൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം നൽകുന്നത് ഇതാദ്യമാണ്.
ഒരു മുന്നറിയിപ്പുമില്ലാതെ വന്ന ഹർത്താൽ ജനങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നതായി. വടക്കൻ ജില്ലകളിലാണ് ജനം കൂടുതൽ പ്രയാസപ്പെട്ടത്. മലപ്പുറത്തും കണ്ണൂരിലും മറ്റും ഹർത്താൽ അനുകൂലികൾ വഴി തടയുകയും അക്രമം നടത്തുകയും ചെയ്തതായാണ് മാധ്യമ വാർത്തകൾ. തിരുവനന്തപുരത്തെ ബാലരാമപുരത്തും അക്രമമുണ്ടായി. ചുരുക്കത്തിൽ ഒരു ദിവത്തേക്കെങ്കിലും കതുവ, ഉന്നാവ് സംഭവങ്ങളിലെ പ്രതിഷേധത്തേക്കാൾ, ഹർത്താൽ മൂലമുണ്ടായ ദുരിതങ്ങളായി ജനങ്ങളുടെ ചർച്ച.
ഹർത്താൽ അതിക്രമങ്ങൾ അധികവും നടന്നത് മലപ്പുറത്തും മറ്റു മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ആയതിനാൽ സ്വാഭാവികമായും അതിനൊരു വർഗീയ നിറവും കൈവന്നു. അല്ലെങ്കിൽ അങ്ങനെ ആരോപിക്കാൻ ബി.ജെ.പിക്കും അനുബന്ധ സംഘടനകൾക്കും അവസരം കിട്ടി. കുറെ ദിവസങ്ങളായി ജനങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിപ്പോയിരുന്ന അവർക്ക് പെട്ടെന്ന് നാവ് പൊന്തി. 
ഹർത്താലിന് ഒരു സംഘടനയും ആഹ്വാനം ചെയ്തിട്ടില്ലാത്തതിനാൽ അതുണ്ടാക്കിയ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും ആരുമുണ്ടായില്ല. എന്നാൽ പൊതുസമൂഹത്തിനു മുന്നിൽ എല്ലാ മുസ്‌ലിം സംഘടനകളും കുറ്റക്കാരാണെന്ന ധാരണ ഉണ്ടാവുകയും ചെയ്തു എന്നതാണ് ഹർത്താലിന്റെ ബാക്കിപത്രം. എന്തായാലും അതൊഴിവാക്കേണ്ട കാര്യമായിരുന്നു. ഹർത്താൽ നടത്താതെയും പ്രതിഷേധിക്കാമായിരുന്നല്ലോ. അങ്ങനെയുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ഇതര പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണല്ലോ. ഏതെങ്കിലും സംഘടനയുടെയോ സമുദായത്തിന്റെയോ ലേബലിലല്ല അത്തരം പ്രതിഷേധങ്ങൾ നടക്കുന്നത്.
പെൺകുട്ടികൾക്കും, സ്ത്രീകൾക്കും നേരെ രാജ്യത്ത് തുടരുന്ന അതിക്രമങ്ങളുടെയും ക്രൂരതകളുടെയും സംഭവ പരമ്പരകൾക്കിടിൽ കതുവ സംഭവം വ്യത്യസ്തമാണെന്നതു ശരി തന്നെ. വംശീയ ഉന്മൂലനമായിരുന്നു നാടോടി മുസ്‌ലിം വിഭാഗത്തിൽ പെട്ട ആസിഫയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളിൽ രഹസ്യമായി പാർപ്പിക്കാനും ദിവസങ്ങളോളം ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്താനും പ്രതികളെ പ്രേരിപ്പിച്ച കാര്യം. ക്ഷേത്രത്തിലെ പൂജാരിയും സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥനുമെല്ലാം പ്രതികളായ കേസിൽ പ്രതികൾക്കു വേണ്ടിയാണ് സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരും ജമ്മുവിലെ അഭിഭാഷക സമൂഹവും നിലകൊള്ളുന്നതും. ഈ സംഭവത്തിൽ ആദ്യമായി നടന്ന പ്രതിഷേധ പ്രകടനം പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ സംഘ്പരിവാർ സംഘടനകൾ ജമ്മുവിൽ സംഘടിപ്പിച്ചതായിരുന്നുതാനും. എന്നാൽ പിന്നീട് ഈ സംഭവത്തിനു പിന്നിലെ വസ്തുതകൾ പുറത്തു വരികയും രാജ്യത്തിനകത്തും പുറത്തും വൻ പ്രതിഷേധം ഉയരുകയും ചെയ്തതോടെ അവർ പ്രതിരോധത്തിലാവുകയായിരുന്നു. ആ പ്രതിഷേധത്തിൽ മുസ്‌ലിംകൾ മാത്രമല്ല, ഹിന്ദുക്കളും ഇതര സമുദായങ്ങളും പങ്കാളികളായി, ശരിക്കുമൊരു ജനകീയ പ്രതിഷേധമായി വളർന്നു. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിഷേധങ്ങൾക്ക് ഏതെങ്കിലും വർഗീയ നിറം കൊടുക്കാൻ ആര് ശ്രമിച്ചാലും നല്ലതിനല്ല.
ആസിഫക്കും ആ കുട്ടിയുടെ കുടുംബത്തിനും നീതി ലഭ്യമാക്കുക എന്നതാണ് ഇനി പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തം. അതിനുള്ള ജാഗ്രത കാണിക്കുകയാണ് പ്രതിഷേധക്കാരും, സമൂഹം മൊത്തത്തിലും കാണിക്കേണ്ടത്. ഇക്കാര്യത്തിൽ ഭരണകൂടത്തിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാൽ ഇടപെടുകയും നിയമപരമായ മാർഗത്തിലൂടെ തന്നെ അതിനെ നേരിടുകയും ചെയ്യുക. നിർഭയ സംഭവത്തിൽ സമൂഹത്തിന് അത്തരമൊരു ജാഗ്രതയുണ്ടായിരുന്നു. ആസിഫയുടെ കാര്യത്തിലും അതു സംഭവിക്കട്ടെ. 

Latest News