ഇടുക്കി- അപ്രതീക്ഷിതമായ ഒരു പ്രസവമെടുപ്പിന്റെ അമ്പരപ്പിലാണ് ജുമാനയും അമാനയും. വീട്ടില്‍ ആരുമില്ലാത്തപ്പോളാണ് ആടിന്റെ കരച്ചില്‍. ജുമാന ഓടി ആട്ടിന്‍കൂട്ടില്‍ എത്തി. അപ്പോള്‍ പാതി പുറത്തുവന്ന നിലയിലായിരുന്നു ആട്ടിന്‍കുട്ടി. മനോധൈര്യത്തോടെ സുരക്ഷിതമായി ആട്ടിന്‍കുട്ടികളെ പുറത്തെടുത്ത് ഇരുവരും ചേര്‍ന്ന് പുറത്തെടുത്തു.
പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പര്‍ 1196 ല്‍ നാദിര്‍ഷാന്‍, ബദ്‌റുന്നിസ ദമ്പതികളുടെ മക്കളാണ് ജുമാനയും അമാനയും. ബദ്‌റുന്നിസ ഭര്‍ത്താവ് നാദിര്‍ഷാനൊപ്പം ചികിത്സയ്ക്കായി പുറത്തുപോയ സമയത്താണ് വീട്ടിലെ വളര്‍ത്താടിന്റെ കരച്ചില്‍ കേട്ടത്. ഒരു വിധത്തില്‍ ആട്ടിന്‍കുട്ടിയെ പുറത്തെടുത്ത് വീടിനുള്ളിലെത്തിച്ചു. തുണിയെടുത്ത് ആട്ടിന്‍കുട്ടിയുടെ വായും മുഖവുമൊക്കെ വൃത്തിയാക്കിയിട്ടും ആട്ടിന്‍കുട്ടിയുടെ ശ്വാസം മുട്ടല്‍ മാറിയില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ശ്വാസം തടസ്സം മാറ്റാന്‍ ശ്രമം തുടര്‍ന്നു. തലകീഴായും കാലും കയ്യുമൊക്കെ വലിച്ചു നോക്കി. ഇതിനിടെ വീണ്ടും ആട്ടിന്‍കൂട്ടില്‍ നിന്നു കരച്ചില്‍ കേട്ടു. ജുമാന അമാനയെ കൂട്ടിനകത്തേക്കു പറഞ്ഞയച്ചു. അങ്ങനെ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെയും പുറത്തേക്കെടുത്തു.
വീട്ടിനുള്ളിലെത്തിച്ചു പരിചരണം നല്‍കി. ഇളയ സഹോദരി രണ്ടര വയസ്സുകാരി ആഫിയയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇതിനിടെ ആദ്യമുണ്ടായ ആട്ടിന്‍ കുഞ്ഞിന്റെ അസ്വസ്ഥതകള്‍ മാറി. തള്ളയാടിന്റെ അടുത്തെത്തിച്ച് കുഞ്ഞാടുകള്‍ക്കു പാലും നല്‍കി. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ നടന്ന സംഭവം അറിഞ്ഞത്. ആട് പ്രസവിക്കുമെന്നു കണക്കു കൂട്ടിയിരുന്നെങ്കിലും പെട്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ജുമാനയും അമാനയും ചോറ്റുപാറ ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.