തിരുവനന്തപുരം- കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിനു പ്രഖ്യാപിത നിലപാടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഈ നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്ന് അദ്ദേഹംപറഞ്ഞു. കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണം. പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചതെന്നും തെറ്റായിപ്പോയോ എന്നും ജലീലിനോടാണ് ചോദിക്കേണ്ടതെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചതെന്ന വാര്‍ത്തകള്‍ക്കു പിന്നെലായണ് ഇടതുമുന്നണി കണ്‍വീനറുടെ പ്രതികരണം. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് മന്ത്രിമാരായ എം.വി ഗോവിന്ദനും പി രാജീവും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെയാണ് ജലീല്‍ അറിയിച്ചത്. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇന്‍വെര്‍ട്ടഡ് കോമയില്‍ നടത്തിയ പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപമെന്ന് രാവിലെ പ്രതികരിച്ച കെടി ജലീല്‍ വൈകുന്നേരത്തോടെയാണ് നിലപാട് മാറ്റിയത്. പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്.