തിരുവനന്തപുരം- കണ്ണൂർ സർവകലാശാലയിൽ സി.പി.എം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് നിയമനം നൽകാൻ തീരുമാനം എടുത്തത് മാനദണ്ഡങ്ങൾ മറികടന്നാണെന്നതിനുള്ള രേഖകൾ പുറത്ത്. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു ഒന്നാം റാങ്ക് നൽകിയത്.
അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്‌കോർ പോയിന്റും അധ്യാപന പരിചയവും പ്രിയ വർഗീസിനായിരുന്നു. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ അഭിമുഖത്തിനു കുറവ് മാർക്കിട്ട് പിന്തള്ളുകയും ചെയ്തു.
156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ 651 റിസർച്ച് സ്‌കോർ പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളജ് അധ്യാപകൻ സ്‌കറിയ തോമസിനു രണ്ടാം റാങ്കും 645 സ്‌കോർ പോയിന്റുള്ള മലയാളം സർവകലാശാല അധ്യാപകൻ സി.ഗണേഷിനു മൂന്നാം റാങ്കുമാണ് നൽകിയത്. അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറു പേരെയും അഭിമുഖത്തിനു ക്ഷണിച്ചിരുന്നു.
അതിനിടെ, അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതിനിടെ ഡോ. പ്രിയ വർഗീസിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടർ എന്ന നിലയിൽ ഒരു വർഷം കൂടി ഡപ്യൂട്ടേഷൻ നീട്ടി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.