Sorry, you need to enable JavaScript to visit this website.

ഹര്‍ ഘര്‍ തിരംഗ: വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി മോഹന്‍ലാല്‍, വീഡിയോ പങ്കുവെച്ചു

കൊച്ചി- സ്വാതന്ത്ര്യ വാര്‍ഷികഘോഷത്തിന്റെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയില്‍ പങ്കാളിയായി നടന്‍ മോഹന്‍ലാല്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി . കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്.  ആസാദി കാ അമൃത് മഹോത്സവത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് ഇന്ന് തുടക്കമായി. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് കാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍  ത്രിവര്‍ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുന്നത്.

സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നു നിര്‍ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സ്വവസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

 

Latest News