തിരുവനന്തപുരം- കേരള സർക്കാറിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും സർക്കാറിനെ ഏതു നിലയിലും സംരക്ഷിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന വികസനത്തെ കേന്ദ്രം തടസപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു. വിഴിഞ്ഞം അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്രം വിലങ്ങുതടിയാവുകയാണ്. കേന്ദ്ര നിലപാടിന് എതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം. സർക്കാറിന്റെ പ്രവർത്തനങ്ങളെ മാധ്യമങ്ങളും തമസ്‌കരിക്കുന്നു. സർക്കാറിന്റെ പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കാൻ ബദൽ മാർഗം സ്വീകരിക്കും. വികസനം സ്തംഭിപ്പിക്കുന്ന രീതിയാണ് പ്രതിപക്ഷവും നടത്തുന്നത്. കിഫ്ബിയെ തകർക്കാനും നീക്കം നടക്കുന്നു. ഇതിന്റെ ഭാഗമായാണ് തോമസ് ഐസകിന് നോട്ടീസ് അയച്ചത്. കിഫ്ബി വഴി നടക്കുന്ന വികസന പ്രവർത്തനങ്ങളെയും ഇല്ലാതാക്കാനാണ് നീക്കം. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുക എന്ന നിലപാടാണ് തോമസ് ഐസക് സ്വീകരിച്ചത്. ഹൈക്കോടതി ഇക്കാര്യത്തിൽ ശരിയായ നിലപാടാണ് എടുത്തത്. ഇ.ഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നു. ഇ.ഡിക്ക് എവിടെയും കടന്നുകയറാമെന്ന അവസ്ഥയിലാണ്. സോണിയക്കും രാഹുലിനും എതിരായ നീക്കം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ്. ഇതിനെ ചോദ്യം ചെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ഈ വിഷയത്തിൽ തോമസ് ഐസക് നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൂർത്തീകരിക്കാത്ത പദ്ധതികൾ പൂർത്തിയാക്കും. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന നടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങും. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കും. കൂടുതൽ ജനങ്ങളുടെ പിന്തുണ നേടുന്നതിനുള്ള നീക്കം നടത്തും. മാധ്യമങ്ങളിലെ ഇടപെടലുകൾ വേണ്ടത്ര പോര എന്നാണ് വിലയിരുത്തൽ. ദേശാഭിമാനിയുടെ കോപ്പി പത്തുലക്ഷത്തിലെത്തിക്കും.
കേരളത്തിൽ ഗവർണറെ ഉപയോഗിച്ചും സംസ്ഥാന സർക്കാറിന് എതിരായ നീക്കം നടക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കുന്ന നടപടിയാണ് ഗവർണറുടേത്. ബോധപൂർവ്വമായ കൈവിട്ട കളിയാണ് ഗവർണർ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
മന്ത്രിമാരുടെ പ്രവർത്തനത്തിലെ പോരായ്മ പാർട്ടി ചർച്ച ചെയ്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ മൊത്തം പ്രവർത്തനം ചർച്ച ചെയ്തിട്ടുണ്ട്. മന്ത്രിമാർ കൂടുതൽ സജീവമാകണമെന്നും സംസ്ഥാനത്ത് ഉടനീളം യാത്ര ചെയ്യണമെന്നും കോടിയേരി പറഞ്ഞു. ഓൺലൈൻ രീതിയിൽനിന്ന് മാറി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്ന രീതി വരണമെന്നും ചർച്ച ചെ്തിട്ടുണ്ട്.
ലോകായുക്ത നിയമത്തിൽ സി.പി.ഐയുമായി വിയോജിപ്പില്ലെന്നും ചർച്ച നടത്തിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ആഭ്യന്തര വകുപ്പിനെ പറ്റി വിമർശനം ഉണ്ടായിട്ടുണ്ട്. എല്ലാ കാലത്തും പോലീസ് വകുപ്പിനെ പറ്റി ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഇന്ത്യയിലെ ക്രമസമാധാന നിലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.
ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ഇല്ലാത്ത അധികാരം ലോകായുക്തക്ക് കൊടുക്കണോ എന്ന കാര്യമാണ് ഇടതുമുന്നണി ചർച്ച ചെയ്തതെന്നും കോടിയേരി പറഞ്ഞു. കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരിശോധിക്കാമെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭ പുനസംഘടന സംബന്ധിച്ച വാർത്തകൾ തെറ്റാണെന്നുംകോടിയേരി പറഞ്ഞു.ചില മേയർമാരുടെ ധാരണ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും പോകണം എന്നാണ്. മറ്റൊരു സഖാവ് നേരത്തെ കോയമ്പത്തൂരിൽ പോയി. മാലയിടാൻ. പിറ്റേദിവസം തന്നെ നടപടി എടുത്തെന്നും കോടിയേരി പറഞ്ഞു. തെറ്റു പറ്റിയെന്ന് കോഴിക്കോട് മേയർ തന്നെ അറിയിച്ചിട്ടുണ്ട്. എല്ലാറ്റിനും നടപടി എടുക്കാൻ പോയാൽ അതിനേ സമയം ഉണ്ടാകൂവെന്നും കോടിയേരി പറഞ്ഞു.
സിനിമ ബഹിഷ്‌കരിക്കണം എന്നത് സി.പി.എമ്മിന്റെ അഭിപ്രായമില്ല. ഫെയ്‌സ്ബുക്കിൽ എഴുതുന്നതെല്ലാം സി.പി.എമ്മിന്റെ അഭിപ്രായമായി കണക്കാക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.