തിരുവനന്തപുരം- മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണറിപ്പോർട്ട്. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി. ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ തുടങ്ങാനുള്ള നിർദ്ദേശം നൽകാൻ വൈകി. അവയവ മാറ്റ ഏജൻസി കോർഡിനേറ്റർമാർ സ്ഥലത്തുണ്ടായിരുന്നില്ല. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും വകുപ്പു മേധാവിമാർക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ശസ്ത്രക്രിയ വൈകിയതാണ് രോഗിയുടെ മരണ കാരണമെന്ന് റിപ്പോർട്ടിലില്ല.