Sorry, you need to enable JavaScript to visit this website.

പരസ്യത്തെപ്പോലും ഭയക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് എന്തോ തകരാറുണ്ട്-ബെന്യാമിൻ

തിരുവനന്തപുരം- ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനമെന്നും ബെന്യാമിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 
തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ എന്ന സിനിമയുടെ പരസ്യവാചകത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഇടതുപ്രവർത്തകരിൽ ചിലർ ഉയർത്തിയത്. 
ഇടതുസൈബർ പോരാളി പ്രേം കുമാർ എഴുതിയത് ഇങ്ങിനെ.

സൗകര്യല്ല; ന്തേ?. ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി എന്നപോലെ, സി.പി.എം.തീരുമാനിച്ചിട്ട് എല്ലാ പെൺകുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ, സിൽവർലൈൻ എന്നാൽ റെയിൽവേ അറിയാതെ എൽ.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ, കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ ചിലർ കഥയെഴുതി, വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന 
ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്.  ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ  ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ.
വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ; ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ.ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്; ഇന്നിനി കാണുന്നില്ലെന്ന് വെച്ചു.ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം.  
ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ.

പരസ്യം പിൻവലിച്ച് മാപ്പു പറയാതെ സിനിമ തിയറ്ററിൽ കാണില്ലെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രൻ ഫെയ്‌സ്ബുക്കിൽ എഴുതിയിരുന്നു. രശ്മിതയുടെ വാക്കുകൾ:

ഇന്നു തന്നെ കാണാൻ തീരുമാനിച്ച സിനിമ. തീരുമാനം മാറ്റി. ഇനി ഈ പരസ്യം പിൻവലിച്ചു ഉത്തരവാദിത്തപ്പെട്ട ആളുകൾ പരസ്യമായിത്തന്നെ മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ കാണുന്നുള്ളൂ.....


 

Latest News