Sorry, you need to enable JavaScript to visit this website.

വൈദികന്റെ വീട്ടിലെ മോഷണം, പോലീസ് നായ അയല്‍വീട്ടിലെത്തി, പരിചയക്കാരാകും പിന്നിലെന്ന് സംശയം

കോട്ടയം- കൂരോപ്പടയില്‍  വൈദികന്റെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ ദുരൂഹത തുടരുന്നു. ത്രികോതമംഗലം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ എളപ്പനാല്‍ പടിയിലെ വീട്ടില്‍ നിന്നാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. വൈകുന്നേരം നാലരയ്ക്കും ഏഴുമണിക്കും  ഇടയിലായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്ന് രാവിലെ കൂരപ്പടയിലെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയത്തുനിന്നും വിരല്‍ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിനുശേഷം കോട്ടയം ഡോഗ്‌സ് സ്‌ക്വാഡിലെ  ചേതക് എന്ന പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിന് പിന്നിലെ അടുക്കള വാതില്‍ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് പോയത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിന്‍വാതിലില്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. അടുക്കള ഭാഗത്തുനിന്നുമാണ് ഡോഗ്‌സ് സ്‌ക്വാഡ് പരിശോധന നടത്തിയത്. വീടിന്റെ പിന്‍വാതിലില്‍ നിന്നു തൊട്ടടുത്ത വീടിന്റെ മുറ്റത്തെത്തിയ ശേഷം റോഡിലേക്ക് ഇറങ്ങിയാണ് നായ ഓടിയത്. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് 250 ഓളം മീറ്റര്‍ ദൂരെ ഒരു വീട്ടില്‍ നായ മണം പിടിച്ചെത്തി. അതിന് തൊട്ടടുത്തുള്ള വീട്ടിലേക്കും പിന്നീട് നായ പോയി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ് ഏറ്റവും ഒടുവില്‍ നായ എത്തിയത്.

സംഭവത്തില്‍ വൈദികന്‍ ജേക്കബ് നൈനാന്‍, ഭാര്യ, മൂത്തമകന്‍ എന്നിവരുടെ മൊഴി ഇന്നലെ തന്നെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നും ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതേസമയം സംഭവം അടിമുടി ദുരൂഹമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. വീടിനുള്ളില്‍ കയറിയ ശേഷം താക്കോല്‍ ഉപയോഗിച്ചാണ് അലമാരയില്‍നിന്നു സ്വര്‍ണം എടുത്തത് എന്നാണ് വൈദികന്റെ മൊഴി.

അതുകൊണ്ടുതന്നെ താക്കോല്‍ എവിടെയുണ്ട് എന്ന് അറിയുന്ന ആള്‍ ആകാം മോഷണത്തിന് പിന്നില്‍ എന്ന സംശയം പോലീസിനുണ്ട്. വൈദികനും ഭാര്യയും പള്ളിയില്‍ പോയ സമയത്ത് മൂത്തമകന്‍ ഭാര്യ വീട്ടിലേക്ക് പോയി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. വീടിന് തൊട്ടുമുന്നില്‍ തന്നെ കട നടത്തുകയാണ് ഇയാള്‍. ഇതിന് സമീപത്തുള്ള കടകളും മോഷണം നടക്കുന്ന സമയം തുറന്നിരുന്നു. അസ്വാഭാവികമായി ഒന്നും ഇവിടെ കണ്ടെത്തിയിരുന്നില്ല എന്നാണ്  ഈ കടയില്‍ ഉള്ളവര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം.

21 പവന്‍ സ്വര്‍ണം അടുക്കളക്ക് പിന്നില്‍ നിന്നു കണ്ടെത്തിയതായി വൈദികന്‍ ജേക്കബ് നൈനാന്‍ പറഞ്ഞു. ഇളയ മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതില്‍ ഏറിയ പങ്കും. സമീപകാലത്താണ് വിവാഹശേഷം ഇവര്‍ വിദേശത്തേക്ക് പോയത്. വൈദികന്റെ മറ്റൊരു സഹോദരിയുടെ സ്വര്‍ണവും ഇവിടെയുണ്ടായിരുന്നു. വൈദികന്റെ ഭാര്യയുടെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗം തുറന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മോഷണ വിവരം സ്ഥിരീകരിച്ചത്. തൊട്ടടുത്ത  ബന്ധു വീട്ടില്‍ താക്കോല്‍ നല്‍കിയ ശേഷമാണ് ഇരുവരും പള്ളിയിലേക്ക് പോയത് എന്നും ഫാദര്‍ ജേക്കബ് നൈനാന്‍ പറഞ്ഞു.

ഏതായാലും കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തി പ്രതിയെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പാമ്പാടി പോലീസ്.  പട്ടാപ്പകല്‍ പ്രധാനപ്പെട്ട റോഡിന് അരികെ  നടന്ന വലിയ മോഷണം പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.

 

Latest News