തിരുവനന്തപുരം- ജനവാസ മേഖലയേയും കൃഷിയിടങ്ങളേയും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലക്കും പുറമെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളേയും പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.
സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ജനവാസ മേഖലകളെക്കൂടി ഉള്‍പ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച 2019 ലെ സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും.
2019 ലെ നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചപ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന അഭിപ്രായം മേഖലകളില്‍നിന്ന് ഉയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കെയാണ് ജനവാസ മേഖലയടക്കം ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി കണക്കാക്കി കഴിഞ്ഞ ജൂണില്‍ സുപ്രീംകോടതി ഉത്തരവുണ്ടായത്. അതില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനമാകെ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവ്.