റിയാദ് - ലണ്ടനിലെ ഹീത്രു എയർപോർട്ടിന്റെ 25 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിനെ കുറിച്ച് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് കമ്പനിയും (അർഡിയാൻ) ചർച്ചകൾ നടത്തുന്നു. സ്പാനിഷ് കമ്പനിയായ ഫെറോവിയലിന്റെ ഉടമസ്ഥതയിലുള്ള, ഹീത്രു വിമാനത്താവളത്തിന്റെ 25 ശതമാനം ഓഹരികൾ വാങ്ങുന്നതിനെ കുറിച്ചാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും അർഡിയാനും ചർച്ചകൾ നടത്തുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രു എയർപോർട്ടിൽ സ്പാനിഷ് കമ്പനിക്കുള്ള ഓഹരികൾ വാങ്ങുന്നതിനെ കുറിച്ച് പുറത്തുള്ള കൺസൾട്ടന്റുമാരുമായാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും അർഡിയാനും ചർച്ചകൾ നടത്തുന്നത്. ഓഹരി വിൽപനയെ കുറിച്ച് സ്പാനിഷ് കമ്പനി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ജെ.പി മോർഗൻ ഇക്കഴിഞ്ഞ മേയിൽ കണക്കാക്കിയതു പ്രകാരം ഹീത്രു വിമാനത്താവളത്തിന്റെ മൂല്യം 2,430 കോടി യൂറോ (2,500 കോടി ഡോളർ) ആണ്. ഹീത്രു വിമാനത്താവളത്തിൽ സ്പാനിഷ് കമ്പനിക്കുള്ള ഓഹരികളുടെ മൂല്യം 61.1 കോടി യൂറോ ആണ്. യാത്രക്കാരുടെ കടുത്ത തിരക്ക് അനുഭവപ്പെടുന്ന ഹീത്രു വിമാനത്താവളത്തിന്റെ 20 ശതമാനം ഓഹരികൾ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കാണ്. എയർപോർട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപകരാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി. സിംഗപ്പൂർ സോവറീൻ ഫണ്ട് ആയ ജി.ഐ.സിക്കും ചൈന ഇൻവെസ്റ്റ്മെന്റ് കോർപറേഷനും ഹീത്രു വിമാനത്താവളത്തിൽ വലിയ ഓഹരി പങ്കാളിത്തമുണ്ട്.
അതിനിടെ, സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലെ സൗദി, ഈജിപ്ത് ഇൻവെസ്റ്റ്മെന്റ് കമ്പനി ഈജിപ്തിലെ നാലു പ്രമുഖ കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കിയതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. അബൂഖീർ ഫെർട്ടിലൈസേഴ്സ് കമ്പനി, ഈജിപ്ത് ഫെർട്ടിലൈസേഴ്സ് കമ്പനി, അലക്സാണ്ട്രിയ കണ്ടെയ്നർ ഹാന്റ്ലിംഗ്, ഇ-ഫിനാൻസ് ഫിനാൻഷ്യൽ ആന്റ് ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ ഓഹരികൾ 130 കോടി ഡോളറിനാണ് സൗദി, ഈജിപ്ത് ഇൻവെസ്റ്റ്മെന്റ് കമ്പനി സ്വന്തമാക്കിയത്.