ന്യൂദല്‍ഹി- പഠിക്കാതെ ഓര്‍ഡിനന്‍സ് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടത്. നിയമനിര്‍മ്മാണ അധികാരം ഗവര്‍ണറിലല്ല, നിയമസഭയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിയമസഭ ചേരാനാകാത്ത അടിയന്തരഘട്ടങ്ങളില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനാണ് താല്‍ക്കാലിക അധികാരം നല്‍കിയിട്ടുള്ളത്.
ഈ ഓര്‍ഡിനന്‍സ് നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യാതെ വീണ്ടും തന്റെ മുന്നിലേക്ക് നല്‍കുമ്പോള്‍, ഇതിലെ അടിയന്തര ആവശ്യങ്ങള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ സാധിക്കൂ. നിയമസഭ സമ്മേളനം അടുത്തിടെയാണ് കഴിഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ല. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ആര്‍ക്കും വിമര്‍ശനമുന്നയിക്കാവുന്നതാണ്. താന്‍ അതിനെ സ്വാഗതം ചെയ്യുന്നു. താന്‍ മറ്റാരുടേയും ഉപദേശപ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തം മനസാക്ഷിക്കും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്നും മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നുമുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയെക്കുറിച്ചുള്ള ചോദ്യത്തിന്, താന്‍ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് മന്ത്രിക്കാണ്. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ആ സാഹചര്യത്തില്‍ താന്‍ എന്തിന് പ്രതികരിക്കണമെന്ന് ഗവര്‍ണര്‍ ചോദിച്ചു.