ആലപ്പുഴ- ആലപ്പുഴ ശുദ്ധജലപദ്ധതിയുടെ നിർത്തിവെച്ച പൈപ്പ് മാറ്റൽ ജോലികൾ ഇന്ന് പുനരാരംഭിക്കും. തകഴി ഫെഡറൽ ബാങ്കിനടുത്ത് നിന്ന് പ്രവൃത്തികൾ തുടങ്ങാനാണ് തീരുമാനം. കേളമംഗലം മുതൽ തകഴി റെയിൽവേസ്‌റ്റേഷൻ വരെ 1520 മീറ്റർ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കാൻ രണ്ടര വർഷം മുമ്പ് തീരുമാനിച്ചതാണ്. ഫെബ്രുവരി 10ന് തുടങ്ങിയ ജോലി ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാംഘട്ടം തുടങ്ങി മെയ് 17ന് പാതിവഴിയിൽ ഉപേക്ഷിച്ചു. രണ്ടാംഘട്ടം ബാക്കി ചെയ്യാനുള്ള ഭാഗത്തെയും മൂന്നാംഘട്ടം പൈപ്പിടലുമാണ് പൂർത്തിയാക്കാനുള്ളത്. മന്ത്രി റോഷി അഗസ്റ്റിന്റെ സാനിധ്യത്തിൽ എം.എൽ.എമാരായ എച്ച്. സലാം, പി.പി ചിത്തരഞ്ജൻ, ജല അതോറിറ്റി, കുടിവെള്ള പദ്ധതി ഉദ്യോസ്ഥർ എന്നിവരുടെ സാനിധ്യത്തിൽ യോഗം ചേർന്ന് പൈപ്പ് മാറൽ ജോലി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു. കഴിഞ്ഞ ഒന്നിന് തുടങ്ങുമെന്നാണ് കരാറുകാർ പദ്ധതി ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകിയുരുന്നത്.
സെപ്റ്റംബർ അഞ്ചിന് പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർ നിലവിലെ കരാറുകാരനോട് നിർദേശിച്ചിട്ടുള്ളത്. പദ്ധതി കമ്മീഷൻ ചെയ്തശേഷം 72 തവണയാണ് പൈപ്പ് പൊട്ടി ചോർന്നത്. ഇതുകാരണം ആലപ്പുഴ നഗര ഭാഗങ്ങളിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.